സംസ്ഥാനത്ത് കടുത്ത ചൂടിനിടെ അപ്രതീക്ഷിതമായി രൂപപ്പെട്ട മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലിലും 6 പേർ ദാരുണമായി മരിച്ചു.
സംഭവത്തിൽ 4 പേരെ കാണാതായിട്ടുമുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് പ്രധാനമായും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ 2.45 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിലെ കാലാവസ്ഥാ മുന്നറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കൃഷിയിടത്തിലെ ഷെഡിലുണ്ടായിരുന്ന രണ്ട് പേർ മണ്ണിനടിയിൽപ്പെട്ട് ജീവൻ വെടിഞ്ഞു.
ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വട്ടവട
കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (ചിന്നു–38) എന്നിവരാണ് മരണപ്പെട്ടത്.
ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതര പരുക്കുകളോടെ മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
ബാലകൃഷ്ണന്റെ വീട്ടിൽനിന്നു 100 മീറ്റർ മാത്രം അകലെയുള്ള കൃഷിയിടത്തിൽ ജോലി ചെയ്തുവരികയായിരുന്നു മൂവരും. മഴ കനത്തതോടെ ഇവർ ഷെഡിൽ അഭയം പ്രാപിക്കുകയായിരുന്നു.
ഇതിനിടയിലാണ് ഏകദേശം 20 അടി ഉയരത്തിൽനിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ഷെഡിനു മുകളിലേക്ക് പതിച്ചത്. നന്ദിനി, യോഗേഷ്, വിജയലക്ഷ്മി എന്നിവരാണ് മരിച്ച ബാലകൃഷ്ണന്റെ മക്കൾ.
കൊട്ടാക്കമ്പൂർ സ്വദേശി ചിന്നമണിയുടെ ഭാര്യയാണ് ചിന്നമ്മാൾ. സ്നേഹ, വിഷ്ണു എന്നിവരാണ് ഇവരുടെ മക്കൾ.
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായി. നാല് പേരെ കാണാതാവുകയും ചെയ്തു.
മരിച്ചവരിലൊരാൾ തിരൂർ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മാങ്ങാടൻ അനസ് (27) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് രണ്ടാമത്തെയാൾ.
കാണാതായവരിൽ മൂന്ന് പേർ വിനോദ സഞ്ചാരികളാണെന്നാണ് ലഭിക്കുന്ന വിവരം. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) കാണാതായവരുടെ പട്ടികയിലുണ്ട്.
പുഴക്കടവിൽ വസ്ത്രം അലക്കിക്കൊണ്ടിരിക്കുമ്പോഴാണ് സജിത ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഈ ദുരന്തമുണ്ടായത്.
അവധി ദിനമായതിനാൽ നിരവധി വിനോദസഞ്ചാരികൾ പുഴയിൽ കുളിക്കാനായി എത്തിയിരുന്നു. മഴയുടെ യാതൊരു ലക്ഷണവുമില്ലാതിരുന്ന സമയത്ത്, ഉൾവനത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നിമിഷനേരം കൊണ്ടാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
എന്നാൽ, നാട്ടുകാർ കൃത്യസമയത്ത് അപായ മുന്നറിയിപ്പ് നൽകി ഒട്ടേറെപ്പേരെ കരയിലേക്ക് കയറ്റിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെള്ളം കുതിച്ചെത്തിയതോടെ കരയിലേക്ക് രക്ഷപ്പെടാൻ സാധിക്കാത്ത നാൽപതോളം പേർ വിവിധയിടങ്ങളിലെ പാറപ്പുറത്ത് കുടുങ്ങിപ്പോയിരുന്നു.
പിന്നീട് കയറും വടവും എറിഞ്ഞുകൊടുത്താണ് ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് 5 കിലോമീറ്റർ അകലെ പൊട്ടിക്കല്ല് തടയണയുടെ താഴെ ഭാഗത്തുനിന്നാണ് അജ്ഞാതനായ 60 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തത്.
കോട്ടയം ജില്ലയിലെ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിലും കനത്ത നഷ്ടമാണുണ്ടായത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഉറവപ്ലാവിൽ ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80) ഉം, ഈരാറ്റുപേട്ട– വാഗമൺ റോഡിൽ കൽക്കെട്ട് ഇടിഞ്ഞുവീണ് സ്കൂട്ടർ യാത്രികയായ ചെന്നൈ ജവാഹർ നഗർ സ്വദേശി സംഗീത അരുൾലാലാൽ (35) എന്നിവരാണ് മരണപ്പെട്ടത്.
പെരിങ്ങുളത്ത് വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്തെ വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഗമൺ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഗീതയും കൂട്ടുകാരിയും വൈകുന്നേരം അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്.
ഇവരുടെ സ്കൂട്ടറിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി പരുക്കേൽക്കാതെ രക്ഷപ്പെടുകയുണ്ടായി.
സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റി കമ്മിഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്തു.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രത്യേക എസ്എംഎസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിലെ നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന്, ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിലേക്ക് അടിയന്തരമായി വിന്യസിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

