കടലിന്റെ വിശാലതയിൽ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകൾ അപ്രതീക്ഷിതമായി അരികിലെത്തിയപ്പോൾ അതിലൊരാൾക്ക് തോന്നിയത് അതൊരു സാധാരണ യാത്രാക്കപ്പൽ മാത്രമാണെന്നായിരുന്നു. എന്നാൽ കപ്പലിന്റെ യാത്രാമാർഗവും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് ആ നാവികൻ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
എതിർദിശയിൽ നിന്ന് വരുന്നത് സ്വന്തം പിതാവ് സഞ്ചരിക്കുന്ന കപ്പലാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. റുഷീൽ സരൺ എന്ന നാവികനാണ് ഈ അപൂർവ്വ അച്ഛൻ – മകൻ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന റുഷീൽ, തെക്കോട്ട് നീങ്ങിക്കൊണ്ടിരുന്ന വലിയ കപ്പൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചാർട്ടുകളും കപ്പലിന്റെ യാത്രാരേഖകളും പരിശോധിക്കുകയായിരുന്നു. ഇതിലാണ് അച്ഛൻ ആ കപ്പലിലുണ്ടെന്ന വിവരം അദ്ദേഹത്തിന് മനസ്സിലായത്.
തുടർന്ന് സമുദ്രത്തിന്റെ നടുവിൽ വെച്ച് ഇരുവരും പരസ്പരം കാണുകയായിരുന്നു. “ജീവിതത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന അച്ഛൻ – മകൻ നിമിഷങ്ങളിലൊന്ന് നടുക്കടലിലായിരുന്നു.” എന്ന് റുഷീൽ വീഡിയോയിൽ വ്യക്തമാക്കുന്നു.
രണ്ട് വ്യത്യസ്ത തലമുറകളിൽപ്പെട്ട നാവികർ, രണ്ട് കപ്പലുകൾ, രണ്ട് വ്യത്യസ്ത യാത്രകൾ; എന്നിട്ടും ഒരേ സമുദ്രം അവരെ അപ്രതീക്ഷിതമായി ഒരേ വേദിയിലെത്തിച്ചു.
യാത്രയ്ക്കിടയിൽ അച്ഛൻ പറഞ്ഞ ഒരു വാക്ക് തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതായി റുഷീൽ കുറിച്ചു. “അച്ഛൻ പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി.
‘ഈ വിശാലമായ ശൂന്യതയിൽ എവിടെയോ വെച്ച്, വ്യത്യസ്ത ദിശകളിലേക്ക് യാത്ര ചെയ്യുന്ന ഒരു അച്ഛനും മകനും പരസ്പരം കണ്ടെത്തി; ഒരേ സമുദ്രത്താൽ അവർ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു’,” അദ്ദേഹം പറയുന്നു. തനിക്ക് വഴികാണിച്ചു തന്ന വ്യക്തിയോടൊപ്പമുള്ള ഈ യാത്ര ഒരിക്കലും അവസാനിക്കുന്നില്ലെന്ന ചിന്തയാകാം പിതാവ് ഇതിലൂടെ പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന അത്യപൂർവ്വവും ഹൃദയസ്പർശിയുമായ അനുഭവമാണിതെന്നാണ് പലരുടെയും വിലയിരുത്തൽ.
മറ്റ് ചില നാവികരും തങ്ങളുടെ സമാനമായ അനുഭവങ്ങൾ പോസ്റ്റിന് താഴെ പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

