കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ റെയിൽവേ ബോർഡ് ലഭ്യമാക്കാത്തതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ജോസഫ്.എം.പുതുശ്ശേരി വിവരാവകാശ കമ്മിഷനു സമർപ്പിച്ച പരാതിയിൽ തെളിവെടുപ്പ് നടക്കുന്നു.
വരുന്ന സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർ സ്വാഗത് ദാസ് ആണ് കേസിൽ തെളിവെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട
കലക്ടറേറ്റിലെ എൻഐസി വിഡിയോ കോൺഫറൻസിങ് സ്റ്റുഡിയോയിൽ നേരിട്ട് ഹാജരാകാൻ പുതുശേരിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2024 ഓഗസ്റ്റ് 6ന്, ജോസഫ്.എം.പുതുശ്ശേരിയുടെ നേതൃത്വത്തിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിനിധികളും എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ടിരുന്നു.
പദ്ധതിക്ക് യാതൊരു കാരണവശാലും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 17 എംപിമാർ ഉൾപ്പെടെ 25,000 പേർ ഒപ്പിട്ട ഭീമഹർജിയാണ് അന്ന് മന്ത്രിക്ക് കൈമാറിയത്.
ഈ നിവേദനം വിശദമായി പരിശോധിച്ചതായും പദ്ധതിക്ക് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നും റെയിൽവേ മന്ത്രാലയം മറുപടി നൽകിയിരുന്നു. നിരവധി പരിശോധനകളും സാങ്കേതിക പഠനങ്ങളും പൂർത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 18നാണ് റെയിൽവേ മറുപടിക്കത്ത് അയച്ചത്.
വിഷയത്തിലെ സ്ഥിതിഗതികൾ അറിയിക്കുന്നതിന് ഒരു കരട് കത്ത് (DFA) തയാറാക്കി പരിശോധനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിച്ചിരിക്കുകയാണെന്നും ആ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. (In view of the above, to apprise the position to Shri.
Joseph M. Puthusserry, Ex.
MLA, Puthusserry P. O.
Kerala, a draft letter (DFA) has been prepared and put up for approval and perusal please) എങ്കിലും, അംഗീകാരത്തിനായി സമർപ്പിച്ചു എന്ന് അവകാശപ്പെടുന്ന ഈ കരട് കത്തോ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ ആവശ്യപ്പെട്ടിട്ടും ജോസഫ്.എം.പുതുശ്ശേരിക്ക് ലഭിച്ചിരുന്നില്ല.
കൂടാതെ, സിൽവർ ലൈൻ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാത പഠനവും നടത്തുന്നതിനായി കരാർ ഏറ്റെടുത്ത ഇക്യുഎംഎസ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
തുടർന്ന് 2024 നവംബർ 1ന് റെയിൽവേ മന്ത്രാലയത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് അദ്ദേഹം ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ കമ്മീഷന്റെ ഭാഗത്തുനിന്നും നിർണായക ഹിയറിങ് നടപടികൾ ഉണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

