കർണാടകയിലെ സർക്കാർ കോളജുകളിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോകുന്ന വിദ്യാർഥികൾ യാത്രയ്ക്കിടയിൽ റീൽസ് ചിത്രീകരിക്കുന്നതും സെൽഫികൾ എടുക്കുന്നതും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി വിലക്കി. ഇതുസംബന്ധിച്ച് കർശനമായ നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം കോളജ് വിനോദയാത്രകൾ യാതൊരു കാരണവശാലും അഞ്ച് ദിവസത്തിൽ കൂടുതൽ നീളാൻ പാടില്ല.
കൂടാതെ, ടൂർ ആരംഭിക്കുന്നതിന് മുൻപായി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സമ്മതപത്രവും ബന്ധപ്പെട്ട വിദ്യാർഥികളുടെ സത്യവാങ്മൂലവും കോളജ് അധികൃതർ നിർബന്ധമായും ശേഖരിക്കേണ്ടതാണ്.
വിനോദയാത്രകളിലെ സുരക്ഷാ വീഴ്ചകളും അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കോളജ് വിദ്യാർഥികൾ വെള്ളത്തിൽ മുങ്ങിമരിച്ച ദാരുണ സംഭവങ്ങൾ കൂടി കണക്കിലെടുത്താണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
പുതിയ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുന്ന കോളജുകൾക്കും വിദ്യാർഥികൾക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

