ഇന്ത്യയിൽ നല്ല വരുമാനവും കുടുംബത്തിൽ നിന്നും മികച്ച പിന്തുണയുമുള്ളവർക്ക് വിദേശത്തേക്ക് കുടിയേറുന്നത് എല്ലായ്പ്പോഴും ഉയർന്ന ജീവിതനിലവാരം ഉറപ്പു നൽകണമെന്നില്ലെന്ന് ബെംഗളൂരുവിൽ നിന്നുള്ള സംരംഭകൻ സൗവീക് റോയ്. ലണ്ടനിൽ ടിക്ടോക്കിൽ ലഭിച്ച ഉയർന്ന ജോബ് ഓഫർ നിരസിച്ചതുമായി ബന്ധപ്പെട്ട
അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. ലണ്ടനിലെ ഭക്ഷണവും ചുറ്റുപാടുകളും തന്നിൽ മതിപ്പുളവാക്കിയെങ്കിലും, അവിടെ സ്ഥിരതാമസമാക്കിയാൽ സ്വന്തം ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെടുമെന്നാണ് താൻ ചിന്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നാം, എന്നാൽ വിദേശത്തേക്ക് മാറുന്നത് എല്ലായ്പ്പോഴും ഏറ്റവും മികച്ച തീരുമാനമാകണമെന്നില്ല. വർഷങ്ങൾക്ക് മുമ്പ് ലണ്ടനിലേക്ക് കുടിയേറാൻ ഏറെക്കുറെ ഉറപ്പിച്ച ആളാണ് ഞാൻ.
ടിക് ടോക്കിൽ നിന്ന് മികച്ചൊരു ഓഫർ ഉണ്ടായിരുന്നു. എന്നാൽ അവിടെച്ചെന്നാൽ എന്തൊക്കെ ലഭിക്കുമെന്നതിനേക്കാൾ, ഇന്ത്യയിൽ ഞാൻ ഉപേക്ഷിച്ചു പോകുന്ന സൗകര്യങ്ങളെന്തൊക്കെയാണെന്നാണ് ആ സമയത്ത് ആലോചിച്ചത്’ – സൗവീക് റോയ് വ്യക്തമാക്കി.
ഇന്ത്യയിൽ അത്യാവശ്യം ഭേദപ്പെട്ട വരുമാനമുള്ള ഒരാൾക്ക് ലഭിക്കുന്ന കുടുംബ പിന്തുണയും സാമൂഹിക അന്തരീക്ഷവും വിദേശരാജ്യങ്ങളിൽ ചെന്നാൽ എളുപ്പത്തിൽ ലഭിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
പലർക്കും വിദേശവാസവും ജോലിയും ശരിയായ തീരുമാനമായിരിക്കാമെങ്കിലും, അതിനെ യാന്ത്രികമായ ഒരു മുന്നേറ്റമായി കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യയിൽ പലവിധ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഒപ്പം വലിയ അവസരങ്ങളും ലഭ്യമാണെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പിൽ കുറിച്ചു.
സൗവീക് റോയിയുടെ ഈ കുറിപ്പ് പുറത്തുവന്നതോടെ പ്രവാസി ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ‘വിദേശവാസത്തെക്കുറിച്ച് വളരെ വേറിട്ടതും ചിന്തിപ്പിക്കുന്നതുമായ ഒരു കാഴ്ചപ്പാട്’ എന്നാണ് ഒരു സാമൂഹമാധ്യമ ഉപയോക്താവ് ഇതിനോട് പ്രതികരിച്ചത്.
വിദേശത്തേക്ക് കുടിയേറുന്നത് ജീവിതം സ്വയം മെച്ചപ്പെട്ടതിന്റെ അടയാളമല്ലെന്നും, ഇന്ത്യയാണോ വിദേശമാണോ മികച്ചത് എന്നതിന് എല്ലാവർക്കും ഒരുപോലെ ബാധകമായ ഒറ്റ ഉത്തരമില്ലെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നു. വിദേശത്തെ ഉയർന്ന ശമ്പളം എപ്പോഴും മികച്ചൊരു ജീവിത നിലവാരത്തെ സൂചിപ്പിക്കണമെന്നില്ലെന്നും ചർച്ചകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

