അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുൻ കായികമന്ത്രി വി.
അബ്ദുറഹ്മാനെ ഉടൻതന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യാതൊരുവിധ ഔദ്യോഗിക ടെൻഡറോ കൃത്യമായ ഉറപ്പോ ഇല്ലാതെ സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിവിട്ട് അനുമതി നൽകിയതാണ് മുൻ മന്ത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കാരണം.
ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന് ഉടൻ തന്നെ നോട്ടീസ് നൽകുമെന്നാണ് വിവരം. കേസിന്റെ ഭാഗമായി ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
സ്പോൺസർ ചെയ്ത കമ്പനി നടത്തിയ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴികൾ ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജൻസ് ഓഫീസറായിരുന്ന രത്നാകരൻ, നിലവിലെ ഓഫീസർ സജിനി എന്നിവരുടെ മൊഴികളാണ് അന്വേഷണ സംഘം എടുത്തത്.
സ്പോൺസർമാരോട് സേവന നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ ആന്റോ അഗസ്റ്റിനെയും ഉടൻ ചോദ്യം ചെയ്യും.
കൂടാതെ, കലൂർ സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ച് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് ജി.സി.ഡിയും സ്പോർട്സ് കേരള ഫൗണ്ടേഷനും അന്വേഷണ പരിധിയിലുണ്ട്. കേസിൽ പിടിച്ചെടുത്ത ബാങ്ക് രേഖകൾ, പണമിടപാട് വിവരങ്ങൾ, ലാപ്ടോപ്പുകൾ, ഐപാഡുകൾ, മെമ്മറി കാർഡുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കി.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കരാറുകളുടെ വിശ്വാസ്യതയും സാമ്പത്തിക ഇടപാടുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എസ്.ഐ.ടി അറിയിച്ചു. അതിനിടെ, കേസിൽ പൊലീസ് നടപടികൾ പൂർണ്ണമായും ചട്ടപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എ.ഡി.ജി.പി പി. വിജയൻ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് ഇതുവരെയുള്ള പുരോഗതികൾ വിശദീകരിച്ചിരുന്നു.
അന്വേഷണ സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും നിയമപരമായ മാർഗങ്ങളിലൂടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

