ഗുജറാത്തിലെ അംറേലി ജില്ലയിൽ അഞ്ചു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചതിനു പിന്നാലെ പിതാവ് ജീവനൊടുക്കി. കെട്ടിട
നിർമാണ സൂപ്പർവൈസറായ കിഷോർ ധനാക് ആണ് അഞ്ചു വയസുകാരിയായ മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ബുധനാഴ്ച കിഷോറിന്റെ ഭാര്യ മഞ്ജു ബെൻ തന്റെ പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെയെത്തിയ ശേഷം ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
തുടർന്ന് വൈകിട്ട് സഹോദരനൊപ്പം ഇവർ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് കിഷോറിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് മൂന്ന് ആത്മഹത്യക്കുറിപ്പുകൾ കണ്ടെടുത്തതായി രാജുല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നയന ഗോരാദിയ വ്യക്തമാക്കി. തനിക്ക് വ്യക്തിഗത വായ്പയുണ്ടെന്നും കെട്ടിട
നിർമാണ മേഖലയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് ഒരു കുറിപ്പിൽ പരാമർശിച്ചിരുന്നത്. കിഷോറിന് തന്റെ ബിസിനസ് സുഹൃത്തുക്കളിൽനിന്ന് ഏഴേകാൽ ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഭാര്യ മഞ്ജു ബെൻ പൊലീസിനോട് പറഞ്ഞു.
“അദ്ദേഹത്തിന് 7.25 ലക്ഷം രൂപ കിട്ടാനുണ്ട്. പക്ഷേ അവർ ഒന്നും കൊടുത്തില്ല.
മറ്റു വഴിയില്ലാതെ മകളെ കൊന്ന് അദ്ദേഹം ജീവനൊടുക്കുകയായിരുന്നു” എന്ന് മഞ്ജു ബെൻ പറഞ്ഞതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മരണശേഷം മകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാതിരിക്കാനാണ് അവളെയും ഒപ്പം കൂട്ടുന്നതെന്നായിരുന്നു രണ്ടാമത്തെ കുറിപ്പിലുണ്ടായിരുന്നത്.
മകളെ കൊലപ്പെടുത്തിയതിന് മാപ്പു ചോദിക്കുന്നതും കുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതുമായിരുന്നു മൂന്നാമത്തെ കുറിപ്പ്. കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുൻപ് മുറി ബലൂണുകളും മെഴുകുതിരികളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നതായി പൊലീസ് ഇൻസ്പെക്ടർ പി.എൽ.ചൗധരി പറഞ്ഞു.
വെളുത്ത വസ്ത്രമണിയിച്ച് തലയിൽ ദുപ്പട്ടയും കുഷ്യനും വച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. കൂടാതെ കുട്ടിയുടെ ചുണ്ടിൽ തുളസിയിലയും വെച്ചിരുന്നു.
“അവസാനമായി കുഞ്ഞിന്റെ പിറന്നാൾ ആഘോഷിച്ചതുപോലെയാണ് കാര്യങ്ങൾ കാണപ്പെട്ടത്. ‘ഹാപ്പി ബർത്ത്ഡേ’ എന്നെഴുതിയ കുറിപ്പും ഫ്രിഡ്ജിലുണ്ടായിരുന്നു.
മുറിയിലെ വിഗ്രഹങ്ങളിൽ പൂജയും നടത്തിയിട്ടുണ്ട്. മുറിയുടെ വിവിധ ഭാഗങ്ങളിലും ഫ്രിഡ്ജിലും ചോക്ലേറ്റുകളും ഉണ്ടായിരുന്നു” എന്ന് എൽ.പി.
ചൗധരി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

