ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ച് വർഷം കൂടി കാലാവധി നീട്ടി നൽകാൻ ഡയറക്ടർ ബോർഡ് അനുമതി നൽകി.
കൂടാതെ സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) മുന്നോട്ടുപോകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് കഴിഞ്ഞമാസം എൻ.
ചന്ദ്രശേഖരൻ രാജിപ്രഖ്യാപിച്ചിരുന്നു. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന് നിലവിലുള്ള കാലാവധി.
അതിനുശേഷം പുനർനിയമനം തേടില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.
ഇന്ന് ചേർന്ന ബോർഡ് യോഗത്തിലും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ മാത്രമാണ് കാലാവധി നീട്ടണമെന്ന തീരുമാനത്തെ എതിർത്തത്. ടാറ്റ സൺസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റ്സ് വിലയിരുത്തുന്നതായും സൂചനയുണ്ട്.
ഈ തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് കോടതിയെ സമീപിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. എൻബിഎഫ്സിയായി തുടരാനില്ലെന്ന് കാട്ടി ലൈസൻസ് റദ്ദാക്കാനുള്ള അപേക്ഷ റിസർവ് ബാങ്കിന് ടാറ്റ സൺസ് നൽകിയിരുന്നു.
എന്നാൽ ഈ അപേക്ഷ തള്ളിയ റിസർവ് ബാങ്ക്, പ്രാരംഭ ഓഹരി വിൽപന (ഐപിഒ), ലിസ്റ്റിങ് നടപടികളിലേക്ക് കടക്കാൻ ടാറ്റ സൺസിനോട് ആവശ്യപ്പെടുകയായിരുന്നു. ഐപിഒ നടപടികൾ ആസന്നമായിരിക്കുന്ന ഘട്ടത്തിലാണ് ചെയർമാന്റെ കാലാവധി നീട്ടിക്കൊടുക്കാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
ഐപിഒയ്ക്ക് ടാറ്റ സൺസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കാലാവധി നീട്ടി നൽകിയിട്ടുള്ളത്. ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ളത് നോയൽ ടാറ്റ ചെയർമാനായ ടാറ്റ ട്രസ്റ്റ്സിനാണ്.
സാധാരണയായി ടാറ്റ സൺസിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നിയമനം ഭൂരിപക്ഷ ഓഹരി ഉടമയായ ടാറ്റ ട്രസ്റ്റ്സിന്റെ താൽപ്പര്യപ്രകാരമാണ് തീരുമാനിക്കാറുള്ളത്. എന്നാൽ ഇവിടെ ഭൂരിപക്ഷ ഓഹരി ഉടമയായ നോയൽ ടാറ്റ തന്നെയാണ് ഈ നിയമനത്തെ എതിർത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

