നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ടെക്ബോളിൽ ഇന്ത്യയ്ക്കായി ചരിത്രനേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ക്വുംസി ജോക്വം ഡിസൂസ. വനിതാ സിംഗിൾസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ച താരം, ഇനി ഒരു വിജയം കൂടി നേടിയാൽ രാജ്യത്തിനായി മെഡൽ ഉറപ്പിക്കാം.
ഗ്രൂപ്പ് എ മത്സരങ്ങളിൽ ജപ്പാന്റെ ടോപ് സീഡ് താരം ഉയ്ന സകമോടോയെയും കംബോഡിയയുടെ കോമിയിനെയും പരാജയപ്പെടുത്തിയാണ് ക്വുംസി അവസാന നാലിൽ ഇടംപിടിച്ചത്. നഗോയ സിറ്റി ഹിഗാഷി സ്പോർട്സ് സെന്ററിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം കാഴ്ചവെച്ചത്.
ജപ്പാന്റെ ടോപ് സീഡ് താരം ഉയ്ന സകമോടോയ്ക്കെതിരായ മത്സരം 43 മിനിറ്റിലാണ് ക്വുംസി സ്വന്തമാക്കിയത്. ആദ്യ സെറ്റ് 10-12 എന്ന സ്കോറിന് നഷ്ടമായെങ്കിലും, തുടർന്നുള്ള സെറ്റുകൾ 12-11, 13-11 എന്ന നിലയിൽ പിടിച്ചെടുത്ത് താരം തകർപ്പൻ തിരിച്ചുവരവ് നടത്തി.
രണ്ടാം മത്സരത്തിൽ കംബോഡിയൻ താരത്തെ വെറും 24 മിനിറ്റിനുള്ളിൽ കീഴടക്കിയാണ് താരം തന്റെ കരുത്ത് തെളിയിച്ചത്. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ഇന്തോനേഷ്യയുടെ സുമയയാണ് ക്വുംസിയുടെ എതിരാളി.
ഈ മത്സരത്തിൽ വിജയിച്ചാൽ ടെക്ബോളിൽ ഇന്ത്യയുടെ എക്കാലത്തെയും ആദ്യ മെഡൽ നേട്ടമായി ഇത് ചരിത്രമാകും. ഒരുവേള സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡലിനായുള്ള പ്ലേ ഓഫ് മത്സരത്തിൽ താരത്തിന് അവസരമുണ്ടാകും.
അവിടെ വിജയിച്ചാലും ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാം. ഇത്തവണത്തെ ഏഷ്യാഡിൽ ടെക്ബോൾ ഉൾപ്പെടെ ആറ് പുതിയ ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മിക്സഡ് മാർഷ്യൽ ആർട്സ് (എം.എം.എ), പാഡെൽ, സർഫിംഗ്, ബി.എം.എക്സ് ഫ്രീസ്റ്റൈൽ, വെർച്വൽ തൈക്വാണ്ടോ എന്നിവയാണ് ഗെയിംസിൽ പുതുതായി അരങ്ങേറുന്ന മറ്റ് കായിക ഇനങ്ങൾ. എന്താണ് ടെക്ബോൾ?
ഫുട്ബോളും ടേബിൾ ടെന്നീസും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ കായിക ഇനമാണിത്.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത വളഞ്ഞ മേശയ്ക്ക് ഇരുവശത്തുനിന്നും, കൈകളും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങൾ ഉപയോഗിച്ച് ഫുട്ബോൾ തട്ടിക്കളിക്കുന്ന രീതിയാണിത്. 2014-ൽ ഫുട്ബോൾ പ്രേമികളായ ഗാബൊർ ബൊസാനി, ഗ്യോർഗി ഗട്ട്യാൻ, വിക്ടർ ഹൗസാർ എന്നിവരാണ് ടെക്ബോൾ രൂപകൽപ്പന ചെയ്തത്.
തുടർന്ന് 2017-ൽ ബുഡാപെസ്റ്റിലാണ് പ്രഥമ ടെക്ബോൾ ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

