ആലപ്പുഴ ജില്ലയിലെ കായംകുളം എംഎസ്എം കോളജ് യൂണിയന് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് എസ്എഫ്ഐ – കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിലേക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായത്.
സംഭവത്തില്‍ പൊലീസുകാര്‍ക്കും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോളജിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നഗരത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
ഈ പ്രകടനം കോണ്‍ഗ്രസ് ഓഫീസിന് മുന്നിലൂടെ കടന്നുപോയ വേളയില്‍ ഓഫീസ് വളപ്പില്‍ നിന്ന് കല്ലേറുണ്ടായതായി ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ ഇരുവിഭാഗവും തമ്മില്‍ പരസ്പരം കല്ലെറിയുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടയില്‍ ഒരു പൊലീസുകാരനും എസ്എഫ്ഐ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് ആഹ്ലാദ പ്രകടനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജില്‍ നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
എസ്എഫ്ഐ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന അല്‍ അമീന് മറ്റൊരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നുവെന്ന് കാട്ടി കെഎസ്യു രംഗത്തെത്തിയിരുന്നു. ഈ പരാതിയെത്തുടര്‍ന്ന് അല്‍ അമീനെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.
ചെയര്മാന് സ്ഥാനാര്‍ത്ഥി ഇല്ലാതെയാണ് എസ്എഫ്ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എങ്കിലും ബാക്കി മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി.
ഇതിനിടെ യുഡിഎസ്എഫിലെ ജസ്മി എസ് കോളജ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

