ആഗോളതലത്തിലെ ആയിരം നഗരങ്ങളെ ഉൾപ്പെടുത്തി സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ് തയാറാക്കിയ ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കിങ്ങിൽ കേരളത്തിൽ നിന്നും തൃശൂർ നഗരത്തിന് ഒന്നാം സ്ഥാനം. സാമ്പത്തിക സ്ഥിതി, മാനവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് സുപ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആഗോള നഗര സൂചിക തയാറാക്കിയിട്ടുള്ളത്.
ആകെ 163 രാജ്യങ്ങളിലെ 1000 നഗരങ്ങളെ തമ്മിൽ താരതമ്യം ചെയ്തുള്ള ഈ പട്ടികയിൽ കേരളത്തിൽ നിന്നും ആകെ ഏഴു നഗരങ്ങളാണ് ഇടംനേടിയിട്ടുള്ളത്. ഇതിൽ തൃശൂർ (റാങ്ക്: 477) ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, കൊച്ചി (489), കോഴിക്കോട് (499), കൊല്ലം (623), തിരുവനന്തപുരം (624), കോട്ടയം (696), കണ്ണൂർ (772) എന്നിവയാണ് പട്ടികയിലെ മറ്റ് കേരളീയ നഗരങ്ങളുടെ റാങ്കുകൾ.
ദേശീയ തലത്തിൽ പരിശോധിക്കുമ്പോൾ, ഡൽഹി (റാങ്ക്: 268), ബെംഗളൂരു (311), മുംബൈ (330), ചെന്നൈ (381), ഹൈദരാബാദ് (421), പുണെ (427) എന്നീ പ്രധാന നഗരങ്ങൾക്ക് പിന്നിലായി ഏഴാം സ്ഥാനമാണ് തൃശൂർ കരസ്ഥമാക്കിയത്. ഇന്ത്യയിൽ നിന്നും ആകെ 90 നഗരങ്ങളാണ് ഈ സൂചികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ 268-ാം സ്ഥാനത്തുള്ള ഡൽഹിയാണ് രാജ്യത്ത് ഏറ്റവും ഉയർന്ന റാങ്ക് നേടിയ നഗരം. കഴിഞ്ഞ വർഷത്തെ (2024) റാങ്കിങ്ങിൽ കൊച്ചിയായിരുന്നു കേരളത്തിൽ ഒന്നാം സ്ഥാനത്തും തൃശൂർ രണ്ടാം സ്ഥാനത്തുമായിരുന്നത്.
എന്നാൽ, ഇത്തവണ ഉയർന്ന ജീവിതനിലവാരം, അനുകൂലമായ പരിസ്ഥിതി അന്തരീക്ഷം, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി തുടങ്ങിയ വിവിധ ഘടകങ്ങളിൽ മികച്ച സ്കോർ കരസ്ഥമാക്കിയാണ് സാംസ്കാരിക തലസ്ഥാനം കേരളത്തിൽ ഒന്നാമതെത്തിയത്.
അതേസമയം, ആഗോളതലത്തിൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരം തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. യുകെയിലെ ലണ്ടൻ, ഫ്രാൻസിലെ പാരിസ് എന്നീ നഗരങ്ങളാണ് ആഗോളതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

