കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റ് ആയ ജുജു എക്സ്പ്രസ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രുചികരമായ 90-ഓളം വിഭവങ്ങളുമായി എത്തുന്ന ഈ റസ്റ്ററന്റിൽ 60 രൂപയുടെ മീൻകറി ഊൺ മുതൽ 580 രൂപയുടെ ജുജു സ്പെഷൽ ക്രീമി അൽഫാം വരെയുള്ള ഭക്ഷണങ്ങൾ ലഭ്യമാണ്.
റെയിൽവേ സ്റ്റേഷൻ കവാടത്തിൽ സജ്ജീകരിച്ചിരിക്കുന്ന റസ്റ്ററന്റിന്റെ ഉദ്ഘാടനം പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ മധുകർറോട്ട് പച്ചക്കൊടി വീശി നിർവഹിക്കും. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് 30 ശതമാനം വിലക്കുറവായിരിക്കും ഇവിടെ ഈടാക്കുകയെന്നും, റെയിൽവേ അംഗീകരിച്ചിട്ടുള്ള നിരക്കുകൾ മാത്രമാണ് ബാധകമാക്കുകയെന്നും നടത്തിപ്പുകാർ അറിയിച്ചു.
രാവിലെ 5 മണിക്ക് ഇഡ്ഡലി, വട, ദോശ തുടങ്ങിയ പലഹാരങ്ങളോടെയാണ് പ്രഭാതഭക്ഷണം ആരംഭിക്കുന്നത്. നാടൻ വിഭവങ്ങൾക്ക് പുറമെ നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ഇവിടെ ലഭിക്കും.
റസ്റ്ററന്റ് പ്ലാറ്റ്ഫോമിന് ഉള്ളിലല്ലെങ്കിലും റെയിൽവേ അംഗീകരിച്ച വില തന്നെയാണ് ഈടാക്കുന്നത്. മംഗളൂരുവിൽ നിന്നും എത്തിച്ച ത്രീ ടയർ കോച്ച്, സ്റ്റേഷന് പുറത്തുള്ള രാമന്തളി റോഡിൽ പ്രത്യേക ട്രാക്ക് നിർമിച്ച് അതിലാണ് സ്ഥാപിച്ചിരിക്കുന്നത്.
50 സീറ്റുകളും അനുയോജ്യമായ ടേബിളുകളും സഹിതം ആകർഷകമായ രീതിയിൽ ഒരുക്കിയ എയർകണ്ടീഷൻ ചെയ്ത റസ്റ്ററന്റാണിത്. ഇതിനോട് ചേർന്ന് മനോഹരമായ ഒരു പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്.
ഇവിടെ 30 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള അടുക്കളയോടൊപ്പം ചായ, ജ്യൂസ്, ഐസ്ക്രീം എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടങ്ങളിലും ആവശ്യാനുസരണം സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ റെസ്റ്ററന്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

