
കൊച്ചി: ഒക്ടോബർ ഒമ്പത് മുതൽ ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗിൽബെർട്ടാണ് നായകൻ. സതീവൻ ബാലനാണ് പരിശീലകൻ.
മുഹമ്മദ് അസ്ഹർ, സിദ്ധാർത്ഥ് രാജീവൻ, നിഷാദ് എന്നിവരാണ് ഗോൾ കീപ്പർമാർ. ബെൽജിം ബോസ്റ്റർ, സഞ്ജു ജി, ഷിനു ആർ, മുഹമ്മദ് സലീം, നിതിൻ മധു, സുജിത് ആർ, ശരത് കെ.പി എന്നിവരാണ് പ്രതിരോധ നിരയിലുള്ളത്. മധ്യനിരയിൽ നിജോ ഗിൽബർട്ട്, അർജുൻ വി, ജിതിൻ ജി, അക്ബർ സിദ്ധിഖ്, റാഷിദ് എം, റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം എന്നിവരും ജുനൈൻ, സജീഷ് ഇ, മുഹമ്മദ് ആഷിഖ്, നരേഷ് ബി എന്നിവരും അണിനിരക്കും.
ഗ്രൂപ്പ് എയിൽ കേരളത്തിനൊപ്പം ഗോവ, ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ടീമുകളാണുണ്ടാവുക. ഒക്ടോബർ 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കർണാടകയാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ. കഴിഞ്ഞ തവണ ഫൈനലിൽ മേഘാലയയെയാണ് തകർത്തത്. ഏഴുതവണ ചാമ്പ്യൻമാരായ കേരളം 2021-22ലാണ് അവസാനമായി കപ്പുയർത്തിയത്.