ഗൂഗിൾ പിക്സൽ ഫോണുകളുടെ മോഡം സംവിധാനത്തിലുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയിലൂടെ ഡിവൈസുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട
സൈബർ ആക്രമണങ്ങൾ നടന്നതായി ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിമിതമായ തോതിലും ലക്ഷ്യമിട്ടുമാണ് ഈ ആക്രമണങ്ങൾ നടന്നിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.
സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 2026 സെപ്റ്റംബർ 16-നാണ് ഗൂഗിൾ ആൻഡ്രോയിഡ് 17 ക്യു.പി.ആർ.1 (Android 17 QPR1) അപ്ഡേറ്റ് പുറത്തിറക്കിയത്. ഹാറി പോട്ടർ തീമുകൾ ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾക്കൊപ്പം ഇരുന്നൂറിലധികം സുരക്ഷാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
നാഷണൽ വൾനറബിലിറ്റി ഡാറ്റാബേസ് വിവരങ്ങൾ പ്രകാരം, പിക്സൽ ഫോണുകളിലെ സെല്ലുലാർ കണക്റ്റിവിറ്റിയെ സഹായിക്കുന്ന മോഡം സോഫ്റ്റ്വെയറിലാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ഫോണിലെ അതിപ്രധാന വിവരങ്ങളിലേക്ക് കടന്നുകയറാൻ ആക്രമികൾക്ക് ഈ പിഴവ് സഹായകരമായേക്കാവുന്നതായിരുന്നു.
ഏറ്റവും ഗൗരവകരമായ വിഷയം, ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഇല്ലാതെതന്നെ ഈ ആക്രമണം നടപ്പിലാക്കാൻ സാധിക്കുമെന്നതാണ്. ‘സീറോ-ക്ലിക്ക്’ (zero-click) എന്നറിയപ്പെടുന്ന ഇത്തരം ആക്രമണങ്ങൾക്കായി മാളീഷ്യസ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യേണ്ടതില്ല.
CVE-2026-58704 എന്ന് പേരിട്ടിരിക്കുന്ന ഈ സുരക്ഷാ പാകപ്പിഴയ്ക്ക് പിന്നിലെ കൃത്യമായ വിവരങ്ങളോ ബാധിച്ച പിക്സൽ മോഡലുകൾ ഏതൊക്കെയാണെന്നോ ഉള്ള കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സുരക്ഷാ അപ്ഡേറ്റ് വരുന്നതിന് മുൻപ് തന്നെ ഈ പഴുത് സൈബർ ആക്രമണങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ ഗൂഗിൾ ഈ സുരക്ഷാ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടുണ്ട്. അതിനാൽ പിക്സൽ ഫോൺ ഉപയോഗിക്കുന്നവർ എത്രയും പെട്ടെന്ന് പുതിയ സെപ്റ്റംബർ 2026 സുരക്ഷാ പാച്ച് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
Settings > System > Software updates > System update എന്ന ക്രമത്തിൽ ഫോണിൽ പരിശോധിച്ച് ഉപയോക്താക്കൾക്ക് സ്വയം അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആക്രമണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പിന്നീട് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

