നഗരത്തിന്റെ കായൽ സൗന്ദര്യവും കൊച്ചി വാട്ടർ മെട്രോയുടെ സവിശേഷതകളും ലോകവേദിയിലേക്ക് എത്തിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ. പരമ്പരാഗത ജലഗതാഗത രീതികളെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ വിദേശ പ്രതിനിധികൾക്കിടയിൽ വലിയ കൗതുകമാണ് ഉണർത്തിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമടങ്ങുന്ന സംഘമാണ് മട്ടാഞ്ചേരിയിൽ നിന്ന് ഹൈക്കോർട്ട് ടെർമിനൽ വരെ വാട്ടർ മെട്രോയിൽ 45 മിനിറ്റ് നീണ്ട യാത്ര നടത്തിയത്.
ഏഷ്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ട് യാത്ര വിദേശ അതിഥികളിൽ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ഹൈ-ടെക് സവിശേഷതകളും മനോഹരമായ രൂപകൽപ്പനയും ഉള്ള ബോട്ടിനുള്ളിലിരുന്ന് കായൽക്കാഴ്ചകൾ ആസ്വദിച്ച സംഘം, നഗരത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ ക്യാമറകളിൽ പകർത്തി.
ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വാട്ടർ മെട്രോയുടെ ദൃശ്യങ്ങൾ തത്സമയം ലോകത്തിന് മുന്നിലെത്തിച്ചു. ബെലറൂസ്, ബൊളിവിയ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപീയ, ഇന്തോനേഷ്യ, ഇറാൻ, ഖസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്ലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള 35 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യ സന്ദർശിക്കുന്നത്. ഡൽഹി, ആഗ്ര, തിരുവനന്തപുരം, വർക്കല, കുമരകം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് സംഘം കൊച്ചിയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

