സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പൊളിറ്റ്ബ്യൂറോ (പിബി) നിർദേശം നടപ്പാക്കിയത് സംസ്ഥാന സെക്രട്ടേറിയറ്റിലെ ശക്തമായ എതിർപ്പ് മറികടന്നുകൊണ്ട്.
പിബിയുടെ തീരുമാനം ജനറൽ സെക്രട്ടറി എം.എ. ബേബി റിപ്പോർട്ട് ചെയ്തപ്പോൾ സെക്രട്ടേറിയറ്റ് യോഗത്തിൽ വലിയ വിയോജിപ്പുകൾ ഉയർന്നു വന്നു.
എന്നാൽ, എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പിബി. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോഴിക്കോട്ടെ വിശാലസമിതി യോഗത്തിന്റെ സമാപനദിവസം രാവിലെ ചേർന്ന സെക്രട്ടേറിയറ്റിൽ പ്രകടമായത്.
തളിപ്പറമ്പ് സീറ്റിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി തീരുമാനിച്ച വേളയിൽ സംഘടനാ തത്വങ്ങൾ പാലിക്കപ്പെട്ടില്ലെന്നതുൾപ്പെടെയുള്ള വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച രാത്രി ചേർന്ന പിബി യോഗം ഗോവിന്ദനെ ശാസിക്കാൻ തീരുമാനിച്ചത്.
തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ നേതൃത്വം നിർദേശിച്ച സ്ഥാനാർഥികൾക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റി യോഗത്തിലും കടുത്ത എതിർപ്പുകൾ രൂപപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയങ്ങൾ അതേപടി സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
മാത്രമല്ല, യോഗങ്ങളുടെ മിനിറ്റ്സ് സെക്രട്ടേറിയറ്റിന് കൈമാറുന്നതിലും വീഴ്ച സംഭവിച്ചു. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ തന്നെയാണ് സ്ഥാനാർത്ഥിയെന്ന കാര്യം ഈ നടപടികളിൽ പ്രകടമായിരുന്നു.
പാർട്ടി താൽപര്യമല്ല ഈ ഘട്ടത്തിൽ സെക്രട്ടറി ഉയർത്തിപ്പിടിച്ചത് എന്ന് ചൂണ്ടിക്കാണിച്ചാണ് ശാസിക്കാൻ തീരുമാനിച്ച വിവരം ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ബേബി അറിയിച്ചത്. ഇതിന് പിന്നാലെയാണ് യോഗത്തിൽ കടുത്ത എതിർപ്പുകൾ ഉയർന്നുവന്നത്.
സംഭവിച്ച വീഴ്ചയെ വ്യക്തിയുടേതാക്കി മാത്രം ചുരുക്കിക്കാണുന്നതിനോട് ചില വിഭാഗം നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്ഥാനാർഥിപ്പട്ടിക അന്തിമമായി അംഗീകരിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെയാണ്.
അതിനാൽ തെറ്റുപറ്റിയെന്നും അതിൽ നടപടി വേണമെന്നുമാണ് പിബിയുടെ നിലയിലെങ്കിൽ സെക്രട്ടേറിയറ്റിനെ മൊത്തത്തിൽ കൂട്ടായി ശാസിച്ചുകൊള്ളൂ എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. എന്നാൽ, കൂട്ടായ ഉത്തരവാദിത്തവും വ്യക്തിപരമായ ചുമതലയും എന്നത് സിപിഎമ്മിന്റെ അടിസ്ഥാന സംഘടനാരീതിയാണെന്നും, വ്യക്തിപരമായ ചുമതല നിർവഹിക്കുന്നതിലെ വീഴ്ചയുടെ പേരിൽ നടപടി ഉണ്ടായേ തീരൂ എന്നും പിബി അംഗങ്ങൾ മറുപടി നൽകി.
തെറ്റുപറ്റിയാൽ ആർക്കെതിരെയും നടപടിയുണ്ടാകുമെന്ന ശക്തമായ സന്ദേശം നൽകേണ്ട സമയമാണിതെന്നും അവർ ചൂണ്ടിക്കാണിച്ചു.
സെക്രട്ടേറിയറ്റിൽ പിണറായി വിജയനെ പൂർണമായി പിന്തുണയ്ക്കുന്നവരാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചത്. അതേസമയം, പിബി എടുത്ത തീരുമാനമായതിനാൽ അത് അംഗീകരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, മറ്റുചിലർ മൗനം പാലിക്കുകയാണുണ്ടായത്.
പിബി യോഗത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയതുകൊണ്ട് പിണറായിയും ഗോവിന്ദനും സെക്രട്ടേറിയറ്റിൽ ഈ വിഷയത്തിൽ മറ്റ് അഭിപ്രായങ്ങൾ പറഞ്ഞില്ല. ശാസനയ്ക്കുള്ള നിർദേശം ഉയർന്ന പിബി യോഗത്തിൽ ഗോവിന്ദൻ അതിനോട് ശക്തമായി വിയോജിച്ചിരുന്നു എന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിയെ ദുർബലനാക്കി ചിത്രീകരിക്കുന്ന നടപടിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പിണറായിയും പ്രകടിപ്പിച്ചത്. എന്നാൽ, സംഭവിച്ച വീഴ്ചകൾ പരിശോധിച്ചാൽ പാർട്ടിക്കുള്ളിലെ ശാസന വളരെ ചെറിയ നടപടിയാണെന്നും ഇതിലും കടുത്ത ശിക്ഷയാണ് അർഹിക്കുന്നതെന്നുമുള്ള സമീപനമാണ് പിബി സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നുതന്നെ ഗോവിന്ദനെ നീക്കണമെന്ന അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്നിരുന്നതും ചർച്ചകളിൽ കടന്നുവന്നു. അവസാനം പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുന്നുവെന്ന് ഗോവിന്ദൻ വ്യക്തമാക്കിയതോടെ ശാസന നിർഭവവുമായി മുന്നോട്ടുപോകാൻ പിബി അന്തിമതീരുമാനം കൈക്കൊള്ളുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

