കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന തരത്തിൽ പ്രചരിച്ച ആരോപണത്തിൽ കളമശേരി പൊലീസ് ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻപ് തിരുവനന്തപുരം സൈബർ സെൽ രജിസ്റ്റർ ചെയ്തിരുന്ന കേസ് പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി കളമശേരിയിലേക്ക് മാറ്റുകയായിരുന്നു.
മാനഹാനി വരുത്തുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ നിർമ്മിക്കുക, വ്യാജമാണെന്ന് പൂർണ്ണ ബോധമുണ്ടായിട്ടും അത് യഥാർത്ഥമെന്ന മട്ടിൽ കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്യുക, അപകീർത്തിപ്പെടുത്തുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക, ക്രിമിനൽ ഗൂഢാലോചന നടത്തുക തുടങ്ങിയ വിവിധ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തുവെന്ന വ്യാജ ആരോപണത്തിൽ പ്രമുഖ വ്യവസായി ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം സൈബർ സെൽ പ്രാരംഘഘട്ടത്തിൽ കേസെടുത്തിരുന്നത്.
കോൺഗ്രസ് വക്താവ് രാജു പി നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ ചമച്ച് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത് കടുത്ത ക്രിമിനൽ കുറ്റമാണെന്ന് പരാതിക്കാരനായ രാജു പി നായർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരായ മുഴുവൻ ഉത്തരവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് തന്റെ ആവശ്യമെന്നും രാജു പി നായർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

