രാജ്യത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവിലും സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് ഔദ്യോഗിക അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും അസാധാരണ ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനെ അപേക്ഷിച്ച് 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്.
നിലവിൽ സംസ്ഥാനത്തിന്റെ ആവശ്യകതയിൽ 900 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പ്രതിസന്ധിക്കിടെ മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി വൈദ്യുതി ലഭ്യമായിട്ടില്ല.
ഗ്രിഡ് ഫ്രീക്വൻസിയിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഹിമാചൽ പ്രദേശ് സർക്കാർ നൽകാമെന്ന് അറിയിച്ച 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്തായതിനാൽ കേരളത്തിന് അതുകൊണ്ട് വലിയ പ്രയോജനം ലഭിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകൽ സമയത്തെ വൈദ്യുതി ലഭ്യത പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും, രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് ആവശ്യമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചു.
ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കമുള്ള നടപടികൾ തുടരുമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് കൂടുതൽ വൈദ്യുതി കണ്ടെത്തുന്നതിനായി കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഈ മാസത്തെ പ്രതിസന്ധി അടുത്ത മാസം ആവർത്തിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിനും, രാത്രി 12 മുതൽ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ടിനുമാണ് ടെൻഡർ വിളിച്ചിട്ടുള്ളത്.
കൂടാതെ രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെൻഡർ ഉണ്ട്. ഡിസംബർ വരെയുള്ള കാലയളവിലേക്കും സമാനമായ രീതിയിലാണ് ടെൻഡറുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇതിന്റെ പാതിയെങ്കിലും ലഭിച്ചാൽ പ്രതിസന്ധിയെ പിടിച്ചുനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ബോർഡ്. അടുത്ത മാസം പീക്ക് സമയത്തേക്ക് 588 മെഗാവാട്ടിന് രണ്ടു തവണയായി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
ജൂലൈ വരെ രാവും പകലുമായുള്ള അടുത്ത 200 മെഗാവാട്ടിന്റെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. വേനൽക്കാലത്ത് വാങ്ങിയ കടം ഈ മാസത്തോടെ അവസാനിക്കുമെന്നതിനാൽ 250 മെഗാവാട്ട് കൂടി ഇവിടെ ഉപയോഗിക്കാമെന്നത് കെ.എസ്.ഇ.ബിക്ക് ആശ്വാസകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

