തിരുവനന്തപുരം വെള്ളായണി കടവിൻമൂല പമ്പ് ഹൗസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ ആക്രമിച്ച് സ്വർണമാല കവർന്നു. പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശാല സ്വദേശിയുമായ ഹരിഹരസുതൻ (54)-ന്റെ രണ്ടു പവൻ സ്വർണമാലയാണ് ഹെൽമറ്റ് ധാരികളായ മൂന്നംഗ സംഘം കവർന്നത്.
ചൊവ്വാഴ്ച പുലർച്ചെ 1.10-ഓടെയായിരുന്നു സംഭവം. പമ്പ് ഓൺ ചെയ്ത ശേഷം കസേരയിൽ ഇരിക്കുമ്പോഴാണ് അതിക്രമം ഉണ്ടായത്.
“ഗേറ്റ് തുറന്ന് എത്തിയ ഹെൽമറ്റും ജായ്ക്കറ്റും ധരിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ മുഖത്തേയ്ക്ക് കുരുമുളകു പൊടി സ്പ്രേ ചെയ്തു” എന്ന് ഹരിഹരസുതൻ വ്യക്തമാക്കി. തുടർന്ന് മറ്റ് രണ്ടു പേർ ചേർന്ന് അദ്ദേഹത്തിന്റെ കൈകൾ ഇരുവശത്തു നിന്നും പിടിച്ചു വെക്കുകയും, ഇതിനിടെ ഒരാൾ ഷർട്ടിനുള്ളിലെ മാല പിടിച്ചു വലിക്കുകയുമായിരുന്നു.
പിടിവലിക്കിടെ തന്നെ ആക്രമിച്ച് സംഘം മാലയുമായി രക്ഷപ്പെട്ടുവെന്നും ഹരിഹരസുതൻ പറഞ്ഞു. അല്പം മാറി പാർക്ക് ചെയ്തിരുന്ന ബൈക്കിലാണ് അക്രമികൾ കടന്നുകളഞ്ഞത്.
ആക്രമണത്തിൽ കണ്ണിനും ഇടതു കൈയ്ക്കും പരിക്കേറ്റ അദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവസ്ഥലത്ത് തിരുവല്ലം പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡ് സംഘവുമെത്തി ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തി.
പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മോഷ്ടാക്കളുടേത് എന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

