ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ ഉയർന്ന ഭവനവിലയും സ്ഥലപരിമിതിയും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. മുംബൈ നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയെയും പോളണ്ടിലെ ജീവിത സാഹചര്യങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ഒരു പ്രവാസി ഇന്ത്യക്കാരൻ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നത്.
പോളണ്ടിൽ താമസിക്കുന്ന ദീപ്ശാൻഷു ലഖ്വാൻ എന്ന യുവാവാണ് മുംബൈയിലെ ഫ്ലാറ്റുകളുടെ ഉയർന്ന വില ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ചെറിയൊരു അപ്പാർട്ട്മെന്റിന് പോലും ഏകദേശം 10 കോടി രൂപ വരെ വില വരുമ്പോൾ, 15 മുതൽ 17 കോടി രൂപ വരെ മുതൽമുടക്കിയാൽ പോളണ്ടിൽ എത്രമാത്രം വിശാലമായ വീട് സ്വന്തമായി നിർമ്മിക്കാമെന്നാണ് ഈ ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുന്നത്.
‘മുംബൈയിൽ ചെറിയ ഫ്ലാറ്റുകൾക്ക് പോലും 10 കോടി രൂപ വരെ വില വരുന്നതായി ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, 15 – 17 കോടി രൂപ മുടക്കിയാൽ പോളണ്ടിൽ എത്തരത്തിലുള്ള വീട് നിർമ്മിക്കാമെന്നാണ് ഞാൻ ഇന്ന് കാണിച്ചുതരുന്നത്.
ഇത് നിങ്ങൾക്ക് വാങ്ങാൻ കഴിയില്ല, മറിച്ച് പണികഴിപ്പിക്കാം‘ എന്നാണ് ദീപ്ശാൻഷു ലഖ്വാൻ വീഡിയോയിൽ വ്യക്തമാക്കിയിട്ടുള്ളത്. അത്യന്തം മനോഹരമായ മരപ്പണികളും വിശാലമായ മുറികളും വലിയ പൂന്തോട്ടവുമുള്ളതാണ് ഈ വസതി.
വീടിന്റെ അകത്തളങ്ങളിൽ നൂറിലധികം വർഷം പഴക്കമുള്ള തടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ഇതിന്റെ സവിശേഷതയാണ്. ഈ ബ്രഹ്മാണ്ഡ വീട് പണികഴിപ്പിക്കുവാൻ പൂർണ്ണമായും 20 വർഷം സമയമെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.
പോളണ്ടിലെ വീടിന്റെ ആകർഷകമായ രൂപകൽപ്പനയെ പ്രശംസിച്ചും മുംബൈയിലെ ഉയർന്ന റിയൽ എസ്റ്റേറ്റ് നിരക്കുകളിൽ അത്ഭുതം രേഖപ്പെടുത്തിയുമാണ് ഉപയോക്താക്കൾ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇതുപോലൊരു വീട് സ്വന്തമാക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമാണെന്ന് സാക്ഷ്യപ്പെടുത്തിയാണ് ദീപ്ശാൻഷു ലഖ്വാൻ ഈ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

