നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രസ്ഥാനത്തിന് ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി. തോൽവി ന്യായീകരിക്കാനില്ലെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കവെ വ്യക്തമാക്കി.
സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. വസ്തുതകൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും സിപിഎമ്മിനും ഇടതു പാർട്ടികൾക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ്–സിപിഎം ഡീൽ ആരോപണം തിരിച്ചടിച്ചതായും വലിയ വികസനം ഉണ്ടായിട്ടും എന്തുകൊണ്ട് തോൽവിയുണ്ടായി എന്ന് പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ ശക്തമായ കള്ളപ്രചാരണമാണ് ഉണ്ടായത്.
വ്യാജ പ്രതീതി സൃഷ്ടിച്ചതിലൂടെ തീവ്രവലതുപക്ഷ വർഗീയ സാമുദായിക ശക്തികൾ ഒരുമിച്ചതാണ് തോൽവിക്ക് കാരണമെന്നും എന്നാൽ സിപിഎമ്മിന്റെ ഭാഗത്തുണ്ടായ പോരായ്മകളെല്ലാം തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ മാത്രമല്ല ബംഗാളിലും വിശാല സംസ്ഥാന സമിതി ചേർന്നിട്ടുണ്ടെന്നും പാർട്ടിക്ക് കരുത്തു പകരുന്ന തീരുമാനങ്ങളാണ് അവിടെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ ഇ.ഡി കള്ളക്കഥ മെനയുകയാണെന്നും പിണറായി വിജയൻ, റിയാസ് ഉൾപ്പെടെ ഉള്ളവർക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിന്ദിതരും പീഡിതരും ചൂഷിതരും അടിച്ചമർത്തപ്പെടുന്നവരുമായ ജനതയ്ക്ക് അഭയമായ ചെങ്കൊടി പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിക്കാം എന്ന പ്രതികരണം ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്നുണ്ട്.
പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കരുത്തോടെ സിപിഎം വിജയപാതയിൽ മടങ്ങിയെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ സിപിഎമ്മിനെ തകർക്കാൻ ബിജെപി ശ്രമം: എം.വി.ഗോവിന്ദൻ കേരളത്തിൽ സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
ബംഗാളിൽ 10 വർഷം മുൻപ് മൂന്നു സീറ്റു മാത്രം ഉണ്ടായിരുന്ന ബിജെപി ഇന്ന് മൂന്നിൽ രണ്ടു ഭാഗം ഭൂരിപക്ഷം നേടി അവിടെ അധികാരത്തിൽ എത്തി. കേരളത്തിൽ ഇപ്പോൾ അവർക്ക് മൂന്ന് സീറ്റ് ഉണ്ട്.
ഇവിടെ 140 മണ്ഡലം ഉള്ളതിന്റെ ഇരട്ടിയാണ് അവിടെ ബംഗാളിൽ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എൽഡിഎഫും ആയിരുന്നുവെങ്കിൽ അത് യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്ന തലത്തിൽ മാറുകയാണ്.
ത്രിപുരയിൽ ബിജെപി ജയിച്ചപ്പോൾ പ്രത്യയശാസ്ത്രപരമായ വിജയമാണ് നേടിയതെന്നും ഇനി ലക്ഷ്യമിടുന്നത് കേരളത്തെയാണ് എന്നാണ് മോദിയും അമിത് ഷായും പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ കുന്തമുനയായ സിപിഎമ്മിനെ ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി തകർക്കാനാണ് ശ്രമം.
കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ വിവിധ മേഖലയിൽ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന നേതാക്കന്മാരെ വരുതിയിൽ കൊണ്ടുവരാനുള്ള ബോധപൂർവമായ രാഷ്ട്രീയ ഇടപെടലാണ് ഇ.ഡി ഇന്ത്യയിൽ ഉടനീളം നടത്തുന്നത്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന കേജ്രിവാളിനെ മാസങ്ങൾ ജയിലിൽ അടച്ചെങ്കിലും പിന്നീട് കോടതി അതിന്റെ എഫ്ഐആർ തന്നെ റദ്ദാക്കുന്ന അവസ്ഥയുണ്ടായി.
പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ബോധപൂർവമായ ശ്രമം പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. റെയ്ഡിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തിയാണ് പലതും എഴുതി വാങ്ങുന്നത്.
കേരളത്തിലെ മാധ്യമങ്ങളിൽ നല്ലൊരു വിഭാഗം ഇഡിയുമായി ചേർന്ന് ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ പുറത്തുവരുന്നു എന്ന തരത്തിലുള്ള കള്ളപ്രചാരണ വേലകളാണ് നടത്തുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
പാർട്ടിയെ പ്രതിക്കൂട്ടിൽ കയറ്റി പാർട്ടിയുടെയും പാർട്ടി നേതാക്കന്മാരുടെയും മേൽ അതിശക്തമായ കടന്നാക്രമണം നടത്തുന്ന ഈ നിലപാടിനെതിരെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാൻ അതിന്റെ രാഷ്ട്രീയമായ ഉള്ളടക്കം, പ്രത്യശാസ്ത്രപരമായ കഴിവ്, സംഘടനാപരമായ ശേഷി എന്നിവയെല്ലാം ശക്തിപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ഭാവി നിർണയിക്കാൻ കഴിയുന്ന രീതിയിലുള്ള വലിയ പോരാട്ടങ്ങളുമായി ജനകീയ ബന്ധം ശക്തിപ്പെടുത്തി മുന്നോട്ടു പോകും.
തെറ്റായ ഒരു പ്രവണതയും ഈ പാർട്ടി വച്ചു പൊറുപ്പിക്കില്ല. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന രീതിയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഉണ്ട്.
നവംബർ മാസത്തോടുകൂടി സംസ്ഥാന കമ്മിറ്റി കൃത്യമായിട്ട് അത് പരിശോധന തുടങ്ങാൻ ആരംഭിക്കും. സഹകരണമേഖലയിൽ സ്വാധീനം ഉപയോഗിച്ച് കടം വാങ്ങി തിരിച്ചടയ്ക്കാത്ത ആരെയും പാർട്ടി ബന്ധുവായാലും അനുഭാവിയായാലും അനുവദിക്കാതെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വർഗീയത വളർത്താൻ ശ്രമം: പിണറായി വിജയൻ കേരളത്തിൽ വർഗീയത വളർത്താൻ ശ്രമം നടക്കുന്നതായി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്ര സർക്കാർ വർഗീയത വളർത്തുകയാണ്.
സിപിഎമ്മിനെ തകർക്കാൻ എല്ലാ കക്ഷികളും ഒന്നിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത പോലും സംശയനിഴലിലായി.
വഖഫ് ബോർഡ് വിഷയത്തിൽ എൽഡിഎഫ് സർക്കാർ നീതിയുക്തമായ നിലപാടാണ് എടുത്തത്. ബോർഡിൽ അമുസ്ലിംകളെ അംഗങ്ങളാക്കില്ലെന്നായിരുന്നു ആ നിലപാട്.
എന്നാൽ യുഡിഎഫ് സർക്കാർ അതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. എല്ലാ വഴിയിലൂടെയും കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണ്.
കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി പാർട്ടിയെ ആക്രമിക്കുന്നു. ആർഎസ്എസ് അജൻഡ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
വഖഫ് വിഷയത്തിൽ വി.ഡി.സതീശൻ സർക്കാർ ആർഎസ്എസ് അജൻഡയ്ക്കു കീഴ്പ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നെങ്കിൽ ഇത് ഉണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഏത് ശക്തി ഏത് നിലയിൽ ആക്രമിച്ചാലും പാർട്ടിയുടെ നിലപാട് മുറുകെപ്പിടിച്ച് പോരാടുന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർക്ക് ഉള്ളതെന്ന് വിശാല സംസ്ഥാന സമിതി സംഘാടക സമിതി അധ്യക്ഷൻ കൂടിയായ പി.എ.മുഹമ്മദ് റിയാസ് സ്വാഗതപ്രസംഗത്തിൽ വ്യക്തമാക്കി. ഒരു വിരട്ടലും കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരടി പിറകോട്ട് പോകുന്നതിന് കാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത പ്രധാന നേതാക്കളും ഉൾപ്പെടെ വേദിയിൽ അണിനിരന്ന ബഹുജനറാലിയിൽ പതിനായിരക്കണക്കിനു പ്രവർത്തകരും അനുഭാവികളുമാണ് പങ്കാളികളായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

