സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ആസൂത്രിതമായ വ്യാജ പ്രതീതി നിർമ്മാണം നടന്നിട്ടുണ്ടെന്ന് സിപിഐഎം ജനറല് സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഈ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ ചില ജാഗ്രതക്കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും, ആ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പടക്കമുള്ള ഘട്ടങ്ങളിൽ പാർട്ടിക്ക് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ന്യായീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഇത്തരമൊരു പരാജയം ജനങ്ങൾ നൽകേണ്ടിയിരുന്നോ എന്ന ഗൗരവകരമായ വിഷയം പാർട്ടി സംസ്ഥാന വ്യാപകമായി ചർച്ച ചെയ്തിട്ടുണ്ടെന്നും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ ഇതിനായി കേട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. അതിദാരിദ്ര്യ നിർമാർജനം, സ്ത്രീ സുരക്ഷാ പെൻഷൻ, സമഗ്രമായ വികസനം എന്നിവയെല്ലാം പിണറായി സർക്കാർ നടപ്പിലാക്കിയിട്ടും എൽഡിഎഫിന് എന്തുകൊണ്ടാണ് പരാജയം സംഭവിച്ചതെന്ന കാര്യമാണ് പാർട്ടി പരിശോധിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ചില കേന്ദ്രങ്ങൾ ബോധപൂർവ്വം വ്യാജ പ്രതീതി സൃഷ്ടിക്കുകയും നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഇടതുപക്ഷവും ആർഎസ്എസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വരെ ഇതിന്റെ ഭാഗമായി ഉണ്ടായി.
ആർഎസ്എസിനോടുള്ള ഇടതുപക്ഷത്തിന്റെ നിലപാട് ആർക്കെങ്കിലും പ്രത്യേകം വിശദീകരിച്ചു നൽകേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ തല വെട്ടിക്കൊണ്ടുവന്നാൽ ഇനാം നൽകാമെന്ന് ആർഎസ്എസ് നേതാവ് പരസ്യമായി പ്രഖ്യാപിച്ച കാര്യം നാം ഓർക്കണം.
എത്രയെത്ര സഖാക്കളാണ് ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായി ജീവൻ വെടിഞ്ഞത്. സഖാവ് പി ജയരാജനെ പോലും കൊലപ്പെടുത്താൻ വധശ്രമം നടന്നിട്ടുണ്ട്.
അത്തരത്തിൽ ആർഎസ്എസിനെ വിട്ടുവീഴ്ചയില്ലാതെ എതിർത്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട ചരിത്രമാണ് കേരളത്തിലെ ഇടതുപ്രസ്ഥാനത്തിനുള്ളത്.
അവിടെയാണ് തികച്ചും അടിസ്ഥാനരഹിതമായ ഡീൽ ആരോപണങ്ങൾ ഉയർന്നുവന്നത്. സ്മാർട്ട് ഫോണുകൾ വഴി ഇത്തരം കള്ളക്കഥകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
എന്നാൽ യഥാർത്ഥത്തിൽ എൽഡിഎഫ്-ബിജെപി ഡീൽ എന്ന വ്യാജ പ്രചാരണം നടത്തിയ കോൺഗ്രസ് തന്നെയാണ് അടിത്തട്ടിൽ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയതെന്നും എം എ ബേബി ഗുരുതരമായ ആരോപണം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

