ചെറുവത്തൂർ ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി മയിച്ചയിലെ ആകാശപ്പാതയുടെയും ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ പുതിയ അടിപ്പാതയുടെയും രൂപരേഖ തയാറാക്കൽ പുരോഗമിക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മയിച്ചപ്പാലം മുതൽ കാര്യങ്കോട് പാലംവരെ നിലവിൽ നിർമിച്ച റോഡ് പൊളിച്ചുമാറ്റി പുതിയ ആകാശപ്പാത നിർമിക്കുന്നതിനായാണ് ഈ രൂപരേഖ തയാറാക്കുന്നത്.
ഇതിന്റെ പ്രാരംഭ നടപടിയെന്നോണം സർവേ ജോലികൾ ആരംഭിച്ചിട്ടുണ്ട്. രൂപരേഖ അന്തിമമാകുന്നതോടെ ആകാശപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഗതാതടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ട് മറുഭാഗത്തെ റോഡ് പൊളിച്ചുമാറ്റിയാകും നിർമാണം നടത്തുക. അതേസമയം, കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിർമിച്ച രണ്ടാമത്തെ പാലത്തിന്റെ പണികൾ പൂർത്തിയായി.
കഴിഞ്ഞ ദിവസം രാത്രി ഈ പാലത്തിലൂടെ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും, അനുബന്ധ റോഡ് തകർന്നതിനെ തുടർന്ന് പുതിയ പാലം വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ചെറുവത്തൂർ ടൗണിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ നിർമിക്കുന്ന പുതിയ അടിപ്പാതയുടെ രൂപരേഖ ഇതിനോടകം തയാറായിട്ടുണ്ട്.
7 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും നിർമിക്കുന്ന ഈ അടിപ്പാതയുടെ നിർമാണം അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിന്നിരുന്ന മയിച്ച വീരമലക്കുന്നിന്റെ അടിവാരത്തുകൂടി കടന്നുപോകുന്ന പുതിയ ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുത്തു.
കാലവർഷം അവസാനിച്ച സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി പാത വാഹനങ്ങൾക്കായി തുറന്നുകൊടുത്തതെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

