അന്തരിച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരേ സോഷ്യൽ മീഡിയയിലൂടെ നടത്തിയ സൈബർ ആക്രമണങ്ങളിൽ കർശന നടപടിയുമായി അന്വേഷണ സംഘം. അസഭ്യ വർഷവും അപകീർത്തികരമായ പരാമർശങ്ങളും ഉൾപ്പെട്ട
538 അക്കൗണ്ടുകളും കമന്റുകളുമാണ് പൊലീസ് വിജയകരമായി നീക്കം ചെയ്തത്. ഇതിൽ ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകളാണെന്ന് സൈബർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം അധിക്ഷേപങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ യഥാർത്ഥ ഉടമകളെ കണ്ടെത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയോട് ഔദ്യോഗികമായി വിവരങ്ങൾ തേടിയിട്ടുണ്ട്. രേഖകൾ ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സൈബർ ഓപ്പറേഷൻ വിഭാഗം നടത്തിയ വിപുലമായ പരിശോധനയിൽ ഏകദേശം മൂവായിരത്തോളം അക്കൗണ്ടുകളിൽ നിന്ന് ജിജോ ജോണിനെതിരെ ബോധപൂർവമായ അപകീർത്തി പ്രചാരണം നടന്നതായി കണ്ടെത്തിയിരുന്നു. ഈ ആസൂത്രിതമായ സൈബർ ആക്രമണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുണ്ട്.
കേരള പത്രപ്രവർത്തക യൂണിയന്റെ കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികൾ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പൊലീസിൽ പരാതി നൽകി. യൂണിയന്റെ സംസ്ഥാന സമിതിയും എറണാകുളം ജില്ലാ കമ്മിറ്റിയും നേരത്തെ തന്നെ സമാനമായ പരാതികൾ സമർപ്പിച്ചിരുന്നു.
ഇതിനിടെ, നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

