സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 14,040 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
പവന് 240 രൂപ കൂടി 1,12,320 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ പവന് 1160 രൂപ കുറഞ്ഞ ശേഷമാണ് വിപണിയിൽ ഈ തിരിച്ചുരവ് ഉണ്ടായിരിക്കുന്നത്.
വലിയ തോതിലുള്ള ഇടിവിന് മുൻപുള്ള ആശ്വാസ മുന്നേറ്റമാണോ ഇന്നത്തെ വിലക്കയറ്റമെന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
അമേരിക്കൻ ഫെഡ് യോഗത്തിന് മുന്നോടിയായി ഡോളറിന്റെ വിനിമയ നിരക്കിലും ബോണ്ട് യീൽഡിലും ഉണ്ടായ മാറ്റങ്ങൾ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 49 ഡോളർ നഷ്ടപ്പെട്ട് 4290 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 4282 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും, പിന്നീട് നിലമെച്ചപ്പെടുത്തി 4317 ഡോളർ വരെ എത്തുകയും നിലവിൽ 4309 ഡോളറെന്ന നിലയിൽ തുടരുകയും ചെയ്യുന്നു. ഡോളർ സൂചിക ഏകദേശം 0.20 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിച്ചു. 10 വർഷ കാലാവധിയുള്ള യുഎസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടം 5 ശതമാനം വർധിച്ച് 2023 ഒക്ടോബറിനു മുൻപുള്ള ഉയർന്ന നിലവാരത്തിലെത്തിയത് സ്വർണ നിക്ഷേപങ്ങളുടെ ആകർഷണം താൽക്കാലികമായി കുറച്ചിട്ടുണ്ട്.
ക്രൂഡോയിൽ വില വീണ്ടും ബാരലിന് 107 ഡോളറിലെത്തിയതോടെ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11.30നാണ് കെവിൻ വാർഷ് അടിസ്ഥാന പലിശ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
ഇക്കുറി 0.25 ശതമാനം പലിശ നിരക്ക് ഉയർത്താൻ 92 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. പലിശ വരുമാനം നൽകാത്ത സ്വർണനിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കുന്ന യുഎസ് കടപത്രങ്ങളിലേക്ക് നിക്ഷേപകർ വഴിമാറുന്നതാണ് ഇതിന്റെ പ്രധാന കാരണം.
എന്നിരുന്നാലും, ഈ വർഷം കൂടുതൽ തവണ പലിശ നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകിയാൽ വില കുത്തനെ ഇടിയാൻ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4000 ഡോളറിനും താഴെ എത്തിയാൽ അത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും.
അതേസമയം, ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ തുടരുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് അനുകൂലമായി നിലകൊള്ളുന്നുവെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിപണിയിലെ മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ, കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 11,535 രൂപയിലും, 14 കാരറ്റ് സ്വർണം ഗ്രാമിന് 8958 രൂപയിലും, 9 കാരറ്റ് സ്വർണം ഗ്രാമിന് 5795 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്.
നിലവിലെ നിരക്ക് പ്രകാരം ഒരു പവൻ 22 കാരറ്റ് സ്വർണാഭരണം വാങ്ങണമെങ്കിൽ 10% പണിക്കൂലി, നികുതി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടെ ഏകദേശം 1,27,300 രൂപയെങ്കിലും നൽകേണ്ടി വരും. കൂടാതെ, കേരളത്തിൽ വെള്ളിയുടെ വ്യാപാരം ഗ്രാമിന് 245 രൂപ നിരക്കിലാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

