ഗൂഗിൾ മാപ്സിൻ്റെ ആൻഡ്രോയിഡ് ഓട്ടോ പതിപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. ലക്ഷ്യസ്ഥാനം നിശ്ചയിച്ചിട്ടില്ലെങ്കിൽ പോലും സ്പീഡോമീറ്റർ, സ്പീഡ് ലിമിറ്റ്, ട്രാഫിക് സിഗ്നലുകൾ, സ്റ്റോപ്പ് സൈനുകൾ എന്നിവ ഇനിമുതൽ സ്ക്രീനിൽ ദൃശ്യമാകുമെന്ന് ആൻഡ്രോയിഡിന്റെ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് മാനേജറായ മിഷാൽ റഹ്മാൻ വ്യക്തമാക്കി.
ഈ ഫീച്ചർ നിലവിൽ ഉപയോക്താക്കൾക്കായി ലഭ്യമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഉപയോക്താക്കൾക്കിടയിലുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് മറുപടിയായാണ് റെഡ്ഡിറ്റിലൂടെ അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
ഗൂഗിൾ മാപ്സിൽ നിന്ന് സ്പീഡോമീറ്ററും മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളും അപ്രത്യക്ഷമായത് ഒരു ബഗ് ആണെന്ന ആശങ്ക ഉപയോക്താക്കൾക്കിടയിൽ ഉയർന്നിരുന്നു. ലക്ഷ്യസ്ഥാനം സെറ്റ് ചെയ്യുമ്പോൾ മാത്രമാണ് ഈ വിവരങ്ങൾ കാണിച്ചിരുന്നത് എന്നത് പലരും ശ്രദ്ധിച്ചിരുന്നില്ല.
കൂടാതെ, പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി ഈ സൗകര്യം ലഭിച്ചിരുന്ന ചിലർക്ക് ആപ്പ് കാഷ് ക്ലീർ ചെയ്തപ്പോൾ അത് നഷ്ടപ്പെട്ടതും ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ആൻഡ്രോയിഡ് ഓട്ടോയിലെ ഗൂഗിൾ മാപ്സിൽ സ്പീഡോമീറ്റർ സംവിധാനം എത്തിയത്.
ആപ്പിളിന്റെ കാർപ്ലേയിൽ ഈ ഫീച്ചർ രണ്ട് വർഷം മുമ്പ് തന്നെ ലഭ്യമായിരുന്നെങ്കിലും ആൻഡ്രോയിഡിൽ ഇത് വൈകിയാണ് എത്തിയത്. യാത്രയ്ക്കിടെ വാഹനത്തിന്റെ വേഗതയും വേഗപരിധിയും ട്രാഫിക് സിഗ്നലുകളും ഒരുപോലെ നിരീക്ഷിക്കാൻ സാധിക്കുന്നത് ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും.
പരമ്പരാഗത കാർ സ്പീഡോമീറ്ററുകളെ അപേക്ഷിച്ച് ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ഈ സ്പീഡോമീറ്റർ കൂടുതൽ കൃത്യത നൽകുന്നു. ഈ ഫീച്ചർ സജീവമാക്കുന്നതിനായി ഗൂഗിൾ മാപ്സും ആൻഡ്രോയിഡ് ഓട്ടോയും അപ്ഡേറ്റ് ചെയ്ത ശേഷം ഫോണിൽ ഗൂഗിൾ മാപ്സ് തുറക്കുക.
തുടർന്ന് വലതുവശത്തെ മുകളിലുള്ള അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്ത് Settings > Navigation > Driving options എന്ന വിഭാഗത്തിൽ പ്രവേശിച്ച് സ്പീഡോമീറ്റർ ഓൺ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

