കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകാൻ നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട
രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടപടികൾ ഇന്നും നാളെയുമായി പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആകെ ഒമ്പത് പേരോടാണ് ഇഡി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യഘട്ട
ചോദ്യം ചെയ്യലിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് അനുബന്ധ അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. മുൻപ് ലഭിച്ച മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം.
എന്നാൽ, ഈ ഘട്ടത്തിൽ വീണ വിജയനെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. നേരത്തെ രണ്ട് തവണ ഇവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
അതിനിടെ, ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കണമെന്ന കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക തീരുമാനത്തിന് അനുസരിച്ചായിരിക്കും തുടർനടപടികൾ. ഇതിന്റെ ഭാഗമായി, ഇഡിയുടെ കത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലും (എജി) ഡിജിപിയും ചേർന്ന് സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം സമർപ്പിക്കും.
മറുഭാഗത്ത്, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട
നടപടികൾ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ ഉണ്ടാകൂ. ആദ്യം നൽകിയ മൊഴി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് പിന്നീട് നിഷേധിച്ച സാഹചര്യത്തിൽ, അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാകും ഇഡിയുടെ അടുത്ത നീക്കങ്ങൾ.
മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപ്പത്രം സമർപ്പിക്കുന്നതിന് ആവശ്യമായ മതിയായ തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

