ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുടെ നാളുകളിലൂടെ കടന്നുപോകുന്ന ബംഗ്ലദേശിന് കനത്ത തിരിച്ചടിയായി ജാർഖണ്ഡിലെ അദാനി പവർ തെർമൽ പവർ പ്ലാന്റിലെ സാങ്കേതിക തകരാർ. അയൽരാജ്യത്തേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന പ്ലാന്റിലുണ്ടായ തകരാർ ബംഗ്ലദേശിലെ ഊർശ്യക്ഷാമം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
വൈദ്യുതി വിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് നിലവിലെ ഔദ്യോഗിക വിവരം. ബംഗ്ലദേശ് മാധ്യമമായ ദ് ഡെയ്ലി സ്റ്റാറിന്റെ റിപ്പോർട്ട് പ്രകാരം, അദാനി പവർ തെർമൽ പവർ പ്ലാന്റിന്റെ വൈദ്യുതി നിർമാണ യൂണിറ്റുകളിൽ ഒരെണ്ണത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
ബോയിലറിനുണ്ടായ സാങ്കേതിക തകരാറാണ് ഉൽപാദനം നിർത്തിവയ്ക്കാൻ കാരണമായത്. 1,600 മെഗാവാട്ടാണ് ജാർഖണ്ഡിലെ അദാനിയുടെ ഗോഡ്ഡ പ്ലാന്റിന്റെ മൊത്തത്തിലുള്ള ഉൽപാദന ശേഷി.
വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ ബംഗ്ലദേശ് സർക്കാർ ജനജീവിതം നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി വിപണികളും മാളുകളും രാത്രി എട്ടുമണിയോടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗോഡ്ഡ പ്ലാന്റിലുണ്ടായ അപ്രതീക്ഷിത തകരാറിനെ തുടർന്ന് ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം 750 മെഗാവാട്ടിൽ താഴെയായി കുറഞ്ഞെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്ലാന്റിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ കുറഞ്ഞത് 48 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ഉൽപാദനം പഴയ നിലയിലേക്ക് തിരികെ എത്തിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് ബംഗ്ലദേശ് പവർ ഡവലപ്മെന്റ് ബോർഡ് അറിയിച്ചതായി ‘ദ് ഡെയ്ലി സ്റ്റാർ’ വ്യക്തമാക്കുന്നു. ബംഗ്ലദേശിന്റെ മൊത്തത്തിലുള്ള വൈദ്യുതി ആവശ്യങ്ങളിൽ ഭൂരിഭാഗവും രാജ്യത്തിനകത്തുള്ള ഡീസൽ, പ്രകൃതിവാതകം എന്നിവ ഇന്ധനമാക്കി പ്രവർത്തിക്കുന്ന താപ വൈദ്യുതി നിലയങ്ങളിൽനിന്നാണ് കണ്ടെത്തുന്നത്.
എന്നാൽ നിലവിൽ പ്രകൃതിവാതക വിതരണത്തിലുണ്ടായ താളപ്പിഴകൾ രാജ്യത്തിന്റെ ഉൽപാദന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതിനുപുറമേ, മുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തിനു പിന്നാലെ നേപ്പാളും ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു.
ഇതും രാജ്യത്തെ വൈദ്യുത പ്രതിസന്ധിയുടെ ആക്കം കൂട്ടുന്ന പ്രധാന ഘടകമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

