വനിതാ ഏഷ്യാകപ്പ് ടി20 കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടും. ദുബായിൽ നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ കിരീടം നിലനിർത്താൻ ലങ്കയും മുൻ തോൽവഴികൾക്ക് പകരം വീട്ടാൻ ഇന്ത്യയും കളത്തിലിറങ്ങും.
ആവേശകരമായ രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനെ നാല് വിക്കറ്റിന് തകർത്താണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.
പാകിസ്ഥാൻ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ടു. പവർപ്ലേയിൽ 31 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (5), സഞ്ജന കാവിന്ദി (0), ഹാസിനി പെരേര (3) എന്നിവരുടെ വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി.
22 റൺസെടുത്ത ഇമേഷ ദുലാനിയും വേഗത്തിൽ മടങ്ങിയതോടെ ലങ്ക നാലിന് 50 എന്ന സ്കോറിലേക്ക് വീണു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹർഷിത സമരവിക്രമയും (31 പന്തിൽ 36) കവിഷ ദിൽഹാരിയും (33 പന്തിൽ 33) ചേർന്ന് നടത്തിയ 67 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റി.
പനേഴാം ഓവറിൽ ഫാത്തിമ സന ഇരുവരെയും പുറത്താക്കിയെങ്കിലും നിലാക്ഷി ഡി സിൽവയും (18*) കൗഷാനി നുത്യംഗനയും (10*) ചേർന്ന് 18.4 ഓവറിൽ ലങ്കയെ വിജയതീരത്തെത്തിച്ചു. പാകിസ്ഥാനായി ഫാത്തിമ സന നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ലങ്കൻ ബൗളർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. 36 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഫാത്തിമ സനയുടെ ഇന്നിംഗ്സാണ് പാകിസ്ഥാനെ 130 റൺസിൽ എത്തിച്ചത്.
ഷവാൽ സുൽഫിക്കർ (24), ഗുൾ ഫിറോസ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ലങ്കയ്ക്കായി ചമാരി അത്തപ്പത്തുവും ചമുഡി പ്രബോദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർച്ചയായ പത്താം ഫൈനലിനാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന സംഘം നാളെ ഇറങ്ങുന്നത്.
2024 ലെ ഫൈനലിൽ ഇന്ത്യയെ അട്ടിമറിച്ചാണ് ശ്രീലങ്ക കന്നി ഏഷ്യാകപ്പ് കിരീടം നേടിയത്. അതിനാൽ ലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

