ഡിജിറ്റൽ സുരക്ഷാ മേഖലയിൽ പാസ്വേഡുകൾക്ക് പകരമായി വ്യാപകമായി സ്വീകരിക്കപ്പെട്ടുവരുന്ന പാസ്കുകൾ (Passkeys) കൈമാറുന്നത് കൂടുതൽ ലളിതമാക്കി ഗൂഗിൾ. വിവിധ വെബ്സൈറ്റുകളിലും ആപ്പുകളിലും സുരക്ഷിതമായ ലോഗിൻ സംവിധാനമായി പാസ്കുകൾ മാറിവരുന്നുണ്ടെങ്കിലും, ഒരു പാസ്വേഡ് മാനേജറിൽ നിന്ന് മറ്റൊന്നിലേക്ക് ഇവ മാറ്റുക എന്നത് ഇതുവരെ സങ്കീർണ്ണമായ ഒരു പ്രക്രിയയായിരുന്നു.
പഴയ രീതിയിൽ പാസ്കുകൾ മാറ്റാൻ എൻക്രിപ്റ്റ് ചെയ്യാത്ത ഫയലുകൾ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യേണ്ടിയിരുന്നു. ഈ സുരക്ഷാ പ്രശ്നം പരിഹരിച്ചുകൊണ്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഫീച്ചർ അനുസരിച്ച് ഡൗൺലോഡുകളുടെ സഹായമില്ലാതെ തന്നെ ആൻഡ്രോയിഡ് ഫോണിലെ പാസ്വേഡ് മാനേജറുകൾ തമ്മിൽ പാസ്കുകൾ എളുപ്പത്തിൽ കൈമാറാൻ സാധിക്കും. ഇതിനായി ഉപയോക്താക്കൾ പാസ്വേഡ് മാനേജർ തുറന്ന് പാസ്കുകൾ കൈമാറാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതാണ്.
തുടർന്ന് പ്രക്രിയ ആൻഡ്രോയിഡ് സിസ്റ്റം നേരിട്ട് ഏറ്റെടുക്കും. ഫോണിൽ ലഭ്യമായ മറ്റ് പാസ്വേഡ് മാനേജർ ആപ്പുകൾ ഏതെല്ലാമാണെന്ന് ആൻഡ്രോയിഡ് സ്വയം കണ്ടെത്തുകയും ഇറക്കുമതിക്ക് യോഗ്യമായവ ഏതൊക്കെയാണെന്ന് ഉപയോക്താവിന് വിവരം നൽകുകയും ചെയ്യും.
നിലവിൽ ഗൂഗിൾ പാസ്വേഡ് മാനേജർ, 1Password, Bitwarden Password Manager, Dashlane തുടങ്ങിയ സേവനങ്ങളിലാണ് ഈ പുതിയ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ആപ്പുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത ഫയലുകൾ ഫോണിൽ സൂക്ഷിക്കാതെ തന്നെ വളരെ ലളിതമായി പാസ്കുകൾ കൈമാറാൻ ഈ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

