ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
അടിമാലി ഇരുമ്പുപാലത്തിന് സമീപം ഒഴുവാത്തടം ഭാഗത്താണ് ദുരന്തമുണ്ടായത്. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരണപ്പെട്ടത്.
കുട്ടികൾ അവശനിലയിലായതിനെ തുടർന്ന് പിതാവ് തന്നെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേയാൾ അടിമാലി സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ വീട്ടിലെ സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന തിന്നർ എന്ന് കരുതുന്ന രാസവസ്തു സൂക്ഷിച്ച പാത്രം കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന പെയിന്റിൽ ചേർക്കുന്ന തിന്നർ നിലത്ത് വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കുടിച്ചെന്നുമാണ് അച്ഛനമ്മമാർ പൊലീസിന് നൽകിയ മൊഴി.
സ്ലാബിന് മുകളിൽ നിന്ന് തിന്നർ പോലുള്ള രാസവസ്തു താഴെ വീണതായി പൊലീസിന് സംശയമുണ്ട്. ആദ്യഘട്ടത്തിൽ കുട്ടികളുടെ മരണം കൊലപാതകമാണോയെന്ന സംശയവും പൊലീസ് ഉയർത്തിയിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നിലവിൽ സംശയത്തെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
കൂടുതൽ വ്യക്തതവരാൻ രാസപരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

