എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ.ഡി) പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലമായി പ്രത്യേക പ്രസ്താവനകളൊന്നും പുറത്തിറക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. ഇതുസംബന്ധിച്ച് പാർട്ടി തലത്തിൽ വ്യക്തത വരുത്തിയ ശേഷം ഔദ്യോഗിക നിലപാട് രൂപീകരിക്കാമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം കൂടി പുറത്തുവന്നതിനു ശേഷമേ തുടർചർച്ചകൾ ആവശ്യമുള്ളൂവെന്നും അപ്പോൾ മാത്രം നിലപാട് വ്യക്തമാക്കിയാൽ മതിയാകുമെന്നും നേതൃത്വം തീരുമാനിച്ചു. ദേശീയ തലത്തിൽ ഇ.ഡിയുടെ രാഷ്ട്രീയ നീചതന്ത്രങ്ങളെ സിപിഐ ശക്തമായി എതിർത്തുപോരുമ്പോൾ, കേരളത്തിൽ ഈ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യമാണ് സെക്രട്ടേറിയറ്റിൽ പ്രധാനമായും ചർച്ചയായത്.
എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ സുതാര്യത സംബന്ധിച്ച് യോഗത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നു.
വീണയുമായി ബന്ധപ്പെട്ട കേസ് അവർ തന്നെ നിയമപരമായി നേരിടണമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഐ സ്വീകരിച്ചിട്ടുള്ളത്.
പുതിയ ഇ.ഡി അന്വേഷണം നേരിട്ട് മുഖ്യമന്ത്രിയിലേക്ക് എത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ യാതൊരുവിധ തിടുക്കവും കാണിച്ച് പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചത്. നേരത്തെ ലാവ്ലിൻ കേസ് നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാൻ സിപിഎം തീരുമാനമെടുത്ത വേളയിൽ, കേസ് നിയമപരമായി മാത്രം നേരിടണമെന്നായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാട്.
എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ബോധ്യം പാർട്ടിക്കുള്ളതിനാൽ, അന്ന് സ്വീകരിച്ച സമീപനം ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായി പ്രായോഗികമല്ലെന്നും യോഗം വിലയിരുത്തി. അതേസമയം, മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് യാതൊരുവിധ പ്രസ്താവനകളും ഇപ്പോൾ ഇറക്കേണ്ടതില്ലെന്ന് യോഗം കർശനമായി തീരുമാനിക്കുകയായിരുന്നു.
വിവാദമായ ഈ വിഷയം ഒരു ഘട്ടത്തിലും തങ്ങളെ ഔദ്യോഗികമായി ബോധ്യപ്പെടുത്താൻ സിപിഎം തയ്യാറായിട്ടില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. സഖ്യകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ മാത്രം നിർവഹിച്ചാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം എത്തിച്ചേർന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

