കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദുർഗാപൂജക്കാലത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം കഴിക്കുന്നതിനെതിരെ ഉത്തരേന്ത്യൻ ആത്മീയ ആചാര്യനായ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര ശാസ്ത്രി നടത്തിയ കടുത്ത പരാമർശങ്ങൾക്ക് ബംഗാളി ശൈലിയിലുള്ള ശക്തമായ മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അതീവ വിശുദ്ധമായി കരുതുന്ന കൗശികി അമാവാസി ദിനത്തിലാണ് സുവേന്ദു അധികാരി കാളിഘട്ട് ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്ര തറയിലിരുന്ന് കാളിഘട്ടിലെ പ്രശസ്തമായ വലിയ മീൻ തലക്കറിയും വറുത്ത മീനും ബസന്തി പുലാവും അടങ്ങുന്ന ഭോഗ് അദ്ദേഹം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യമാണ്. ഈ പ്രസാദമാണ് പിന്നീട് ഭക്തർക്ക് ഭക്ഷണമായി നൽകുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സസ്യഭക്ഷണ ശീലങ്ങൾ ബംഗാളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഈ സന്ദർശനം. ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര ശാസ്ത്രി അടുത്തിടെ ബംഗാൾ സന്ദർശിച്ചപ്പോൾ, ദുർഗാപൂജക്കാലത്ത് മാംസാഹാരം കഴിക്കുന്ന ബംഗാളി ഹിന്ദുക്കളെ കപടവിശ്വാസികൾ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.
പൂജാ സമയത്ത് ബംഗാളിലെ മദ്യ-മാംസ വിൽപനശാലകൾ പൂർണമായി അടച്ചിടാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പൊതുജനവികാരവും രാഷ്ട്രീയ നിലപാടുകളും ഒരുപോലെ സംരക്ഷിക്കുന്ന തന്ത്രപരമായ ചുവടുവയ്പ്പാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ധീരേന്ദ്ര ശാസ്ത്രിയെ ബംഗാളിലേക്ക് ആഡംബരപൂർവം സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് കേന്ദ്രം തുടങ്ങാൻ സുവേന്ദു അധികാരി സ്ഥലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നെങ്കിലും, ഭക്ഷണകാര്യത്തിൽ ആരുടെയും തിട്ടൂരം ബംഗാളിൽ നടക്കില്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബാഗേശ്വർ ബാബ വരുന്നത് മറ്റൊരു ലോകത്തുനിന്നാണ്.
ബംഗാളിലെ ജനങ്ങൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല. ബംഗാളികൾ മീനും ഇറച്ചിയും കഴിക്കും.
സ്വാമി വിവേകാനന്ദൻ പോലും ബംഗാളികൾ മാംസാഹാരം കഴിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ടെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി. ബാഗേശ്വർ ബാബയുടെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടെങ്കിലും, മറുവശത്ത് ബംഗാളിന്റെ തനിമ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് സുവേന്ദു അധികാരി സ്വീകരിച്ചത്.
‘‘ഞാൻ ഒരു സനാതന ഹിന്ദുവാണ്. മഹാഷ്ടമി നാളിൽ ദുർഗാദേവിയെ പൂജിക്കുമ്പോൾ ഞാൻ സസ്യ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ.
കാർത്തിക മാസത്തിലും ഞാൻ സസ്യാഹാരിയാണ്. എന്നാൽ അതേസമയം തന്നെ കാളിദേവിക്ക് പൂജിച്ച ആട്ടിറച്ചിയും ഞാൻ കഴിക്കാറുണ്ട്.
ഇന്ന് ക്ഷേത്രത്തിൽ സമർപ്പിച്ച മീൻ തലക്കറിയും പുലാവും ഞാൻ പ്രസാദമായി കഴിച്ചു. അത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്’’ – സുവേന്ദു അധികാരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

