ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
സ്പീക്കർ മനപ്പൂർവ്വം നടപടികൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. കോടതിയിൽ ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും മാണി സി കാപ്പന് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, പാലായിൽ പുതിയ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രസ്തുത ഹർജി വരുന്ന തിങ്കളാഴ്ച കോടതി പരിഗണിക്കും.
നാല് കേസുകളിലായി മൂന്നര വർഷമാണ് മാണി സി കാപ്പനെതിരെ വിവിധ കോടതികൾ തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

