രാജ്യാന്തര വിപണിയിലുണ്ടായ തിരിച്ചടിയെ തുടർന്ന് കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ഔൺസിന് 45 ഡോളർ കുറഞ്ഞ് 4320 ഡോളർ നിലവാരത്തിലേക്ക് എത്തിയതാണ് സംസ്ഥാനത്തെ വിപണിയെയും ബാധിച്ചത്.
ഇന്ന് രാവിലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയായി താഴ്ന്നു.
18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയായും രേഖപ്പെടുത്തി. വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 1.55 ശതമാനം താഴ്ന്ന് 63.35 ഡോളർ ആയപ്പോൾ കേരളത്തിൽ വെള്ളിക്ക് ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നതും, ഇത് പണപ്പെരുപ്പത്തിനും പലിശഭാരത്തിനും കാരണമാകും എന്ന ആശങ്കയുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
അമേരിക്കയിൽ അടുത്തിടെ പുറത്തുവന്ന കണക്കുകൾപ്രകാരം മൊത്തവില പണപ്പെരുപ്പം ജൂലൈയിലെ 0.1 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 0.4 ശതമാനമായി ഉയർന്നിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബർ 16ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത നിലവിൽ 70 ശതമാനത്തിലെത്തിയിട്ടുണ്ട്.
പലിശ നിരക്ക് ഉയരുമെന്ന വിലയിരുത്തലുകളെ തുടർന്ന് ഡോളറും ബോണ്ട് യീൽഡും മുന്നേറുന്നതാണ് സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്നത്. വിപണിയിലെ ഈ സാഹചര്യം തുടർന്നാൽ വരുംദിവസങ്ങളിലും വില ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

