കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഭാഗമായി നഗരജീവിതം പ്രമേയമാക്കുന്ന പ്രത്യേക ചലച്ചിത്ര പ്രദർശനം ഒരുങ്ങുന്നു. സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്.
ഇതിന്റെ ഭാഗമായി നഗരങ്ങളിലെ പൊതുഇടങ്ങളും മനുഷ്യജീവിതവും ആവിഷ്കരിക്കുന്ന ‘നഗരി’ പാക്കേജില്‍ 10 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ഇന്ത്യന്‍ നഗരങ്ങളിലെ പൊതുമണ്ഡലം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ഈ ചലച്ചിത്രസമാഹാരത്തില്‍ തലസ്ഥാനത്തെ മാനവീയം വീഥിയുടെ സാംസ്കാരിക പശ്ചാത്തലം പറയുന്ന മലയാളചിത്രവും ഇടംപിടിച്ചിട്ടുണ്ട്.
തെരുവുകള്‍, ചന്തകള്‍, കളിയിടങ്ങള്‍ തുടങ്ങിയ നഗരജീവിതത്തിന്റെ സജീവ കേന്ദ്രങ്ങളില്‍ വിവിധ ജാതി, വര്‍ഗ, പ്രായ, ലിംഗവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ എങ്ങനെ പരസ്പരം ഇടപഴകുന്നു എന്നാണ് ഈ ചിത്രങ്ങള്‍ പരിശോധിക്കുന്നത്.
നഗരവികസന പ്രക്രിയകള്‍ ആരെയൊക്കെ ചേര്‍ത്തുപിടിക്കുന്നു, ആരെയൊക്കെ പാര്‍ശ്വവത്കരിക്കുന്നു എന്ന സുപ്രധാന ചോദ്യത്തോടൊപ്പം, പൊതുസ്ഥലങ്ങളില്‍ സ്വന്തം ഇടം കണ്ടെത്താന്‍ സാധാരണക്കാര്‍ നടത്തുന്ന പരിശ്രമങ്ങളും ഈ പാക്കേജ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. നഗരവികസനത്തിന്റെ ഇരകളായി നഷ്ടമാകുന്ന തെരുവുജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ‘മഹാദ്വാര്‍’ എന്ന ചിത്രം പങ്കുവെക്കുന്നത്.
ഗുജറാത്തിലെ ഭുജില്‍ കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ക്കിടയിലും സൗഹൃദത്തിന്റെ പുതിയ ഇടങ്ങള്‍ തീര്‍ക്കുന്ന മുസ്ലിം യുവാക്കളുടെ ജീവിതമാണ് ‘മൗജ് നി ഖോജ്’ അടയാളപ്പെടുത്തുന്നത്. ആഗ്രയിലെ സദര്‍ മാര്‍ക്കറ്റില്‍ ബലൂണ്‍ വില്‍പ്പന നടത്തി ജീവിക്കുന്ന കുട്ടികളുടെ ലോകം ‘പക്ഡം പക്ഡായ്’ പരിചയപ്പെടുത്തുമ്പോള്‍, മുംബൈയിലെ തെരുവോരങ്ങളില്‍ ക്ഷൗരവൃത്തിയിലൂടെ ജീവന് നിലനിര്‍ത്തുന്ന കുടിയേറ്റ സഹോദരങ്ങളുടെ കഥയാണ് ‘ഹിസ്സ’ പറയുന്നത്.
ശ്രീകാന്ത് ശിവസ്വാമി, രാജേഷ് ആര്., നിതിന്‍ ആര്. എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘മാനവീയം’ എന്ന ചിത്രം, ജനകീയ ഇടപെടലുകളിലൂടെ ഒരു നഗരവീഥി എങ്ങനെ എല്ലാവര്ക്കും പ്രാപ്യമായ സാംസ്കാരിക ഇടമായി മാറി എന്നതിന്റെ നേര്‍സാക്ഷ്യമാണ്.
കലാകാരന്മാര്, സാമൂഹിക പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ എന്നിവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെ സാമൂഹിക ഉള്‍ക്കൊള്ളലും പൗരബോധവും സ്വാതന്ത്ര്യവും ഒത്തുചേരുന്ന മാനവീയം വീഥിയുടെ സവിശേഷമായ സാംസ്കാരിക ജീവിതം ഈ ചിത്രം ദൃശ്യവത്കരിക്കുന്നു. ബംഗാളിലെ ബരാസത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രദേശത്തേക്ക് മെട്രോ നിര്‍മ്മാണം കടന്നുവരുമ്പോഴുണ്ടാകുന്ന അതിജീവന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന ‘ഫൂല് ഗാഡി’, മുംബൈയിലെ ജോഗേശ്വരി ഈസ്റ്റില്‍ സ്വന്തം ഇടവഴിയെ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റി പൊതുഇടത്തെ സര്‍ഗാത്മകമായി തിരിച്ചുപിടിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ‘പാസ്കല്‍ പ്രീമിയര്‍ ലീഗ്’ എന്നിവയും ഈ പാക്കേജിലെ പ്രധാന ആകർഷണങ്ങളാണ്.
ഇവയ്ക്ക് പുറമെ ‘ഹൗ മച്ച് സ്പേസ് ഡസ് എ ഫയര്‍ഫ്ലൈ ടേക്ക്?’, ‘ഇന്‍ സെര്‍ച്ച് ഓഫ് ഹ്യൂമന്‍സ്’, ‘ത്രൂ ദി ഡാപ്പിള്ഡ് ലൈറ്റ്’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് https://registration.iffk.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഡെലിഗേറ്റ് ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പൊതു വിഭാഗത്തിന് ജി.എസ്.റ്റി ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

