വയനാട് ജില്ലയിൽ ലഹരിവ്യാപാരത്തിന്റെ ഉറവിടം തേടിയുള്ള പൊലീസിന്റെ നിർണായക നീക്കത്തിൽ കൂടുതൽ പ്രതികൾ പിടിയിൽ. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും മുൻപ് പിടികൂടിയ ലഹരിക്കേസുകളിലെ പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലഹരി കൈമാറിയ പ്രധാനികളെ പൊലീസ് പിടികൂടിയത്.
തൃശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ ജാസിം അലി (30) എന്നിവരാണ് പുതുതായി അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 27-ന് മുത്തങ്ങയിൽ വെച്ച് സ്കൂട്ടറിന്റെ വൈസറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 17.188 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് രാമനാട്ടുകര തയിൽ വീട്ടിൽ കെ ഫഹദ് (25)-നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
ഈ കേസിലെ തുടരന്വേഷണത്തിലാണ് ഫഹദിന് ലഹരി കൈമാറിയ എ.കെ ധനൂപ് (27)-നെ ഈ മാസം എട്ടാം തീയതി ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്. മറ്റൊരു സംഭവത്തിൽ, 2026 ജൂലൈ 20-ന് അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ കോട്ടൂരിൽ നടത്തിയ പരിശോധനയിൽ കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35)-നെ 124.39 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.
ഇയാൾക്ക് രാസലഹരി കൈമാറിയ പള്ളിക്കണ്ടി കല്ലുവയൽ ജാസിം അലി (30)-യെ ബുധനാഴ്ച വൈകുന്നേരം ബത്തേരിയിൽ നിന്ന് അമ്പലവയൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീംന്റെ മേൽനോട്ടത്തിൽ ബത്തേരി സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ് അജേഷ്, അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ലഹരിക്കടത്തുകാരുടെ ഉറവിടം കണ്ടെത്താൻ പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നിയമനടപടികളും പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്.
ജില്ലയുടെ അതിർത്തികളിലും എല്ലാ സ്റ്റേഷൻ പരിധികളിലും ശക്തമായ പരിശോധനകളാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗുകളും പൊലീസ് ഡ്രോണുകളും പരിശോധനകൾക്കായി സജീവമായി രംഗത്തുണ്ട്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

