ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എപ്പോഴും അതിരൂകമായ വാശിക്കും രാഷ്ട്രീയ പശ്ചാത്തലങ്ങൾക്കും സാക്ഷ്യം വഹിക്കാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വടംവലികളും സംഘർഷങ്ങളും പലപ്പോഴും കളിക്കളത്തിലും നിഴലിക്കാറുണ്ട്.
എന്നാൽ ഈയൊരു ക്രിക്കറ്റ് സംസ്കാരത്തിന് വലിയ രീതിയിലുള്ള മാറ്റം സമ്മാനിച്ചത് ഇന്ത്യന് താരം വിരാട് കോഹ്ലിയുടെ കടന്നുവരവോടെയാണ്. മൈതാനത്തെ കടുത്ത മത്സരബുദ്ധിക്കപ്പുറം പാകിസ്ഥാൻ താരങ്ങളോട് വ്യക്തിപരമായ സ്നേഹവും സൗഹൃദവും പുലർത്താൻ കോഹ്ലി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
പാക് ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് കോഹ്ലി. പാകിസ്ഥാന്റെ മുൻ നായകന്മാരായ ശാഹിദ് അഫ്രീദി, അസ്ഹർ അലി, അഹമ്മദ് ഷെഹ്സാദ് തുടങ്ങിയ പ്രമുഖരെല്ലാം കോഹ്ലിയുടെ വലിയ ആരാധകരാണ്.
വിരാട് കോഹ്ലി കറാച്ചിയിലോ റാവൽപിണ്ടിയിലോ കളിക്കാൻ ഇറങ്ങുന്ന ദിവസം പാകിസ്ഥാൻ സ്തംഭിച്ചുപോകുമെന്നും, സ്റ്റേഡിയം മുഴുവൻ പച്ച ജേഴ്സി അണിഞ്ഞവരെങ്കിലും അവരുടെ ജഴ്സിയുടെ പിന്നിൽ ബാബർ അസമിന്റെ പേരല്ല പകരം കോഹ്ലിയുടെ പേരായിരിക്കുമെന്നും മുൻ താരം അസ്ഹർ അലി ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ വനിതാ താരങ്ങൾ വിരാട് കോഹ്ലിയുടെ സഹഉടമസ്ഥതയിലുള്ള പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ വൺ8 ഷൂസ് ധരിച്ച് കളിക്കാനിറങ്ങിയത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ഹോങ്കോങ്ങിനെതിരായ പോരാട്ടത്തിനിടയിലാണ് പാക് താരങ്ങൾ കോഹ്ലിയുടെ ബ്രാൻഡഡ് ഷൂ ധരിച്ചതായി ആരാധകർ തിരിച്ചറിഞ്ഞത്. പാകിസ്ഥാന്റെ ഇടംകൈയൻ സ്പിന്നർ നഷ്റ സന്ധു, ബാറ്റർ ഐമാൻ ഫാത്തിമ ഉൾപ്പെടെയുള്ള താരങ്ങളാണ് ഈ സ്പോർട്സ് വെയർ ഉപയോഗിച്ചത്.
വൺ8 ബ്രാൻഡിന്റെ ‘വൺ 8 കവർഡ്രൈവ് 18 എക്സ്’ എന്ന പ്രത്യേക ക്രിക്കറ്റ് ഷൂസാണ് ഇവർ ധരിച്ചത്. ആധുനിക ക്രിക്കറ്റിൽ ബാറ്റർമാർക്ക് ക്രീസിൽ മികച്ച ബാലൻസും വേഗതയും ഉറപ്പുവരുത്താനായി കോഹ്ലിയുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ഈ ഷൂ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാജ്യങ്ങൾ തമ്മിൽ അകൽച്ച നിലനിൽക്കുമ്പോഴും കോഹ്ലിയെന്ന ആഗോള ക്രിക്കറ്റ് ഇതിഹാസത്തോടുള്ള പാക് താരങ്ങളുടെ ആരാധനയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിലർ ഇതിനെ തമാശ രൂപേണ ട്രോളുകളായും മാറ്റുന്നുണ്ട്.
“നിങ്ങൾക്ക് കോഹ്ലിയെ ട്രോളാം, എന്നാൽ അദ്ദേഹത്തിന്റെ ഷൂസ് ധരിക്കാതിരിക്കാൻ കഴിയില്ല” എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാകിസ്ഥാൻ താരങ്ങളോട് കോഹ്ലി കാണിക്കുന്ന സ്പോർട്സ്മാൻ സ്പിരിറ്റും മാതൃകാപരമായ പെരുമാറ്റവുമാണ് ഇത്തരത്തിലുള്ള സ്നേഹം നേടിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പേസർ മുഹമ്മദ് ആമിറിന് തന്റെ ഒപ്പുള്ള ബാറ്റ് സമ്മാനമായി നൽകി കോഹ്ലി മാതൃകയായിട്ടുണ്ട്. ഗ്രൗണ്ടിൽ കടുത്ത പോരാട്ടം കാഴ്ചവെക്കുമ്പോഴും മത്സരശേഷം പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ കോഹ്ലി കാണിക്കുന്ന മനസ്സിനെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒരഭിമുഖത്തിൽ പ്രശംസിച്ചിരുന്നു.
പാകിസ്ഥാൻ ആരാധകർ ബാബർ അസമിനെ കോഹ്ലിയേക്കാൾ മികച്ചവനായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും, പ്രതിസന്ധി ഘട്ടങ്ങളിൽ ബാബർ അസം കോഹ്ലിക്ക് പിന്തുണയുമായി എത്താറുണ്ട്. കോഹ്ലി മോശം ഫോമിലൂടെ കടന്നുപോയ സമയത്ത് ‘ഈ മോശം സമയവും കടന്നുപോകും, ധൈര്യത്തോടെയിരിക്കൂ’ എന്ന് പറഞ്ഞ് ബാബർ അസം എക്സിൽ കുറിച്ചിരുന്നു.
നയതന്ത്ര തലത്തിൽ ബന്ധങ്ങൾ വഷളായിരിക്കുമ്പോഴും പാക് താരങ്ങൾ കോഹ്ലിയോട് പുലർത്തുന്ന ഈ ഊഷ്മള ബന്ധം കായിക ലോകത്ത് വലിയ മാതൃകയാണ്. നിലവിൽ പാക് വനിതാ താരങ്ങൾ കോഹ്ലിയുടെ ബ്രാൻഡഡ് ഷൂ ധരിച്ചത് വൈറലായ സാഹചര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണങ്ങൾ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

