സംസ്ഥാനത്ത് ലഹരിക്കെതിരായ ബോധവൽക്കരണവും കർശന നടപടികളും ശക്തമാക്കാൻ സർക്കാർ നിർദേശം നിലനിൽക്കെ, തലസ്ഥാനത്ത് എക്സൈസ് വകുപ്പ് ഗുരുതരമായ പ്രതിസന്ധിയിൽ. വർഷങ്ങളായി ജില്ലയിലെ വിവിധ വിഭാഗങ്ങളിലായി 35 തസ്തികകൾ ആണ് ഒഴിഞ്ഞു കിടക്കുന്നത്.
12 റേഞ്ച് ഓഫിസുകളിലായി 212 ഉദ്യോഗസ്ഥർ മാത്രമാണ് നിലവിലുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സർക്കിൾ ഓഫിസുകളിൽ 86 ഉദ്യോഗസ്ഥരും സ്പെഷൽ യൂണിറ്റുകളിൽ 51 ഉദ്യോഗസ്ഥരും മാത്രമാണുള്ളത്.
റേഞ്ച് ഓഫിസുകളിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ 23 എണ്ണം പൂർണ്ണമായും ഒഴിഞ്ഞുകിടക്കുകയാണ്.
ഇത് റേഞ്ചുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും പരിശോധനകളെയും സാരമായി ബാധിക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകളും വിവിധ സ്പെഷൽ ഡ്യൂട്ടികളും വർധിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.
സിവിൽ എക്സൈസ് ഓഫിസർമാരുടെ അനുവദിക്കപ്പെട്ട 95 തസ്തികകളിൽ 86 പേർ മാത്രമാണ് നിലവിലുള്ളത്.
ഇതിൽ ഒമ്പത് ഒഴിവുകൾ നികത്താനുണ്ട്. കൂടാതെ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരുടെ 53 തസ്തികകളിൽ 50 പേർ സേവനമനുഷ്ഠിക്കുന്നു.
ഇവിടെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. അധിക ജോലി ഭാരവും മാനസിക സമ്മർദ്ദവും ഒരു എക്സൈസ് റേഞ്ചിന്റെ പ്രവർത്തന പരിധി ഏകദേശം 10 പൊലീസ് സ്റ്റേഷൻ പരിധിക്കു തുല്യമാണ്.
എന്നാൽ പരിശോധനയ്ക്കായി റേഞ്ചുകളിൽ ഒരേസമയം അഞ്ചുപേർ മാത്രമാണ് ഉണ്ടാകാറുള്ളത്. ബാക്കിയുള്ള ഉദ്യോഗസ്ഥർ കോടതി ഡ്യൂട്ടി, പാറാവ് തുടങ്ങിയ മറ്റ് ഔദ്യോഗിക ജോലികളിൽ വ്യാപൃതരായിരിക്കും.
ലഹരി പരിശോധനയ്ക്കായി നിയോഗിക്കപ്പെടുന്ന സ്ക്വാഡ് അംഗങ്ങളുടെ ഡ്യൂട്ടി പലപ്പോഴും പുലർച്ചെ വരെ നീളുന്നതായി പരാതിയുണ്ട്. എന്നാൽ രാത്രി വൈകൂർ ജോലി കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥർക്ക് പിറ്റേ ദിവസം വിശ്രമം അനുവദിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
രണ്ടോ മൂന്നോ മണിക്കൂർ മാത്രം ഉറങ്ങി വീണ്ടും ജോലിക്ക് ഹാജരാകേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അമിത ജോലിഭാരവും അർഹമായ അവധികൾ ലഭിക്കാത്തതും ഉദ്യോഗസ്ഥരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ രണ്ട് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവിൽ എക്സൈസ് ഓഫിസർമാരുടെ അംഗബലത്തിൽ കാര്യമായ വർധനവൊന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

