കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് നേരെ ഉണ്ടായ ജാതി അധിക്ഷേപ സംഭവത്തില്‍ ദളിത് എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പൊലീസ് കേസെടുത്തു. ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ മൂന്നര മണിക്കൂറോളം നീണ്ട
പ്രതിഷേധാധിഷ്ഠിത നടപടികള്‍ക്ക് ശേഷമാണ് സംഭവം നടന്ന ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ രാഷ്ട്രപതിയെ നേരിട്ട് കണ്ട് അടിയന്തര ഇടപെടല്‍ തേടാന്‍ എംപിമാര്‍ ശ്രമിച്ചെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.
മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച് മടങ്ങിയ വേദി പിന്നീട് ശുദ്ധീകരിച്ച സംഭവത്തിനെതിരെ കോണ്‍ഗ്രസ്-ദളിത് എംപിമാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാനായിരുന്നു എംപിമാരുടെ നീക്കം.
എന്നാല്‍ ഉച്ചക്ക് രണ്ട് മണി വരെയും രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന്, മൂന്നരയോടെ 15 എംപിമാര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എ്ത്തുകയായിരുന്നു. തുടക്കത്തില്‍ പരാതി സ്വീകരിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
തുടര്‍ന്ന് മൂന്നര മണിക്കൂറോളം നീണ്ട ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ജാതി അധിക്ഷേപം നേരിട്ട ഹല്‍ദ്വാനി ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന് പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എംപിമാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച് മടങ്ങിയ ശേഷം വേദി ശുദ്ധീകരിച്ച ശ്രീറാം ധര്‍മ്മാര്‍ത്ഥ് സേവ ന്യാസ് പ്രസിഡന്റ് ഗിരീഷ് ചന്ദ്ര പാണ്ഡെ ഉള്‍പ്പടെ 15 പേര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് ഉത്തരാഖണ്ഡില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശുദ്ധീകരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയടക്കം പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികള്‍ വൈകിയതാണ് കോണ്‍ഗ്രസിന്റെയും എംപിമാരുടെയും പ്രതിഷേധം കടുപ്പിക്കാന്‍ കാരണമായത്.
നിലവില്‍ ഉത്തരാഖണ്ഡിലും ബംഗലുരുവിലുമായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

