സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്.
വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നും, സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാൽ മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നത് ആശ്വാസകരമാണ്.
അതിതീവ്രമായ ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ മിക്ക പ്രദേശങ്ങളിലും ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
800 മെഗാ വാട്ട് വരെയാണ് ഉപഭോഗത്തിൽ വർധനയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടിയത്. എന്നാൽ പീക്ക് സമയത്ത് ആവശ്യാനുസരണം പുറത്തുനിന്ന് വൈദ്യുതി ലഭ്യമല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ഹ്രസ്വകാല കരാറുകൾ യാഥാർത്ഥ്യമാകാത്തതും തത്സമയ വിപണിയിലെ ഉയർന്ന വിലയും വെല്ലുവിളിയാണെന്ന് ബോർഡ് വ്യക്തമാക്കി. ഇന്നലത്തെ സമാന സാഹചര്യം തുടർന്നാൽ ഇന്നും നിയന്ത്രണങ്ങൾ ഉണ്ടായേക്കാം.
പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
* കേരളത്തിൽ (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ പാദരക്ഷകളോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
* പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനൊപ്പം ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഡംപിങ് യാർഡുകൾ എന്നിവയോട് ചേർന്ന് തീപിടുത്ത സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റും കൃത്യമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുക.
* വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക.
* അംഗനവാടി കുട്ടികൾ, കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക.
* ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന ഇരുചക്ര വാഹന ജീവനക്കാർ, മാധ്യമപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക.
* പൊതുപരിപാടികൾ പകൽ 11 മുതൽ വൈകുന്നേരം 3 വരെ ഒഴിവാക്കുക.
യാത്ര ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കയ്യിൽ കരുതുക.
* നിർമ്മാണ-കർഷക തൊഴിലാളികൾ ജോലിയുടെ സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം എടുക്കുകയും ചെയ്യുക.
* കന്നുകാലികളെ ഉച്ചവെയിലത്ത് മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

