പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. യുഎസും ഇറാനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
ഹോർമുസിന് പുറത്ത് പുതിയ നിരോധിത മേഖല ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാന്റെ പുതിയ സുരക്ഷാ മേധാവി മൊഹ്സിൻ റെസായ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന മേഖല മുതൽ പേർഷ്യൻ ഗൾഫ് വരെ നീളുന്നതായിരിക്കും ഈ പുതിയ പ്രദേശം.
അനുമതിയില്ലാതെ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രതിസന്ധി ആഗോള വിപണികളെയും സാരമായി ബാധിക്കുന്നുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 0.25% ഉയർന്ന് 96.52 ഡോളറിലെത്തിയപ്പോൾ, യുഎസ് ക്രൂഡ് വില 0.38% വർധിച്ച് 91.83 ഡോളറിലെത്തി.
യുഎസിന്റെ കപ്പൽ ഉപരോധത്തെ തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതി നിലയ്ക്കുകയും റിഫൈനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോൾ വില ഇറാൻ ഭരണകൂടം വർദ്ധിപ്പിക്കാൻ നിർബന്ധിതരായി.
ക്വാട്ട അടിസ്ഥാനത്തിലാണ് നിലവിൽ ഇന്ധന വിതരണം നടക്കുന്നത്.
ഇതിനിടെ ഹോർമുസിൽ മൂന്ന് ഇറാനിയൻ കപ്പലുകൾ യുഎസ് സൈന്യം ആക്രമിച്ചതും, തൊട്ടടുത്ത ദിവസം ആളില്ലാ യുഎസ് കപ്പലിനെ ഇറാൻ ആക്രമിച്ചതും സംഘർഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്. അമേരിക്കയിലെ പുതിയ സാമ്പത്തിക സാഹചര്യങ്ങളും വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
യുഎസിലെ തൊഴിൽക്കണക്കുകൾ പ്രതീക്ഷിച്ചതിലും ഭേദമായിരുന്നെങ്കിലും ഇത് പലിശഭാരം വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ പലിശ കൂട്ടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഫെഡറൽ റിസർവ് പിന്മാറാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, നിർണായക പണപ്പെരുപ്പക്കണക്കുകൾ പുറത്തുവരുന്നതനുസരിച്ച് ഫെഡിന്റെ അടുത്ത തീരുമാനങ്ങൾ നിർണ്ണായകമാകും. ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമാകുന്നത്.
ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 2.45% ഉം കൊറിയൻ സൂചികയായ കോസ്പി 3.09% ഉം മുന്നേറിയപ്പോൾ ഹോങ്കോങ്, ഷാങ്ഹായ് വിപണികൾ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയും കരുതലോടെയാണ് നീങ്ങുന്നത്.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചേക്കുമെന്നാണ് ഗിഫ്റ്റ് നിഫ്റ്റിയുടെ സൂചന. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ തുടർച്ചയായി വിറ്റഴിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.
സ്വർണ്ണവിലയിലും യുഎസിലെ പലിശനയങ്ങളുടെ അനിശ്ചിതത്വം പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതിനെ തുടർന്ന് കേരളത്തിലും സ്വർണ്ണവിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

