തൃശൂർ ജില്ലയിലെ കയ്പമംഗലത്തുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയപാത 66-ൽ നാളെ കർശന പരിശോധന നടത്താൻ തീരുമാനം. പൊലീസ്, മോട്ടർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (PWD), ദേശീയപാത അതോറിറ്റി (NHAI) എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടക്കുക.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതം സുരക്ഷിതമായി വഴിതിരിച്ചുവിടുന്നത് ഉറപ്പാക്കുകയാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇതുവരെയുള്ള നിർമാണ പ്രവൃത്തികളിലെ സുരക്ഷാ വീഴ്ചകളും അപകട
സാധ്യതകളും സംഘം വിശദമായി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം വരുന്ന ബുധനാഴ്ച തന്നെ സംഘം ജില്ലാ കലക്ടർക്ക് സമഗ്ര റിപ്പോർട്ട് സമർപ്പിക്കും.
കയ്പമംഗലത്ത് മതിയായ ദിശാസൂചികകൾ സ്ഥാപിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട
മുൻകരുതലുകൾ ഇവിടെ പാലിക്കപ്പെട്ടില്ല. അപകടത്തിന് അരക്കിലോമീറ്റർ മുൻപെങ്കിലും വേഗത കുറയ്ക്കാനുള്ള മുന്നറിയിപ്പ് നൽകണമെന്ന നിയമമാണ് ലംഘിക്കപ്പെട്ടത്.
സാധാരണയായി വലിയ റിഫ്ലക്ടറുകൾ ഉപയോഗിച്ച് വഴി തിരിച്ചുവിടുന്നതിന്റെ ദിശാസൂചികകൾ നൽകേണ്ടതാണെങ്കിലും, ഇവിടെ ചെറിയ റിഫ്ലക്ടർ സ്റ്റിക്കറുകൾ മാത്രമാണ് ഉപയോഗിച്ചത്. ഇത് ലോറി പാർക്ക് ചെയ്തതോടെ പൂർണ്ണമായും മറയുകയും ചെയ്തു.
കുറഞ്ഞത് 200 മീറ്റർ മുൻപെങ്കിലും ഗതാഗതം തിരിച്ചുവിടുന്നതിന്റെ അടയാളങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ വേഗത നിയന്ത്രിച്ച് വാഹനം സുരക്ഷിതമായി ഇടതുവശത്തേക്ക് മാറ്റാൻ സാധിക്കൂ.
കൂടാതെ, നിർമാണ പ്രവൃത്തികൾക്കായി റോഡ് അടച്ച് ഗതാഗതം വഴിതിരിച്ചുവിടുമ്പോൾ വാഹനങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക തൊഴിലാളികളെ നിയോഗിക്കണമെന്ന വ്യവസ്ഥയും കരാറുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതേസമയം, തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരണപ്പെടാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് വിദ്യാർഥികൾ മദ്യപിച്ചിരുന്നുവെന്ന പ്രാഥമിക കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. അപകടത്തിൽ പെട്ട
കാർ ഓടിച്ചിരുന്നതും ഈ വിദ്യാർഥികളിൽ ഒരാളായിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്.
രാസലഹരിയുടെ ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധനയുടെ പരിധിയിലുണ്ട്. ഫൊറൻസിക് പരിശോധനയിൽ മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.ടി.എസ്.
ഹിതേഷ് ശങ്കർ വ്യക്തമാക്കി. എന്നാൽ രക്തത്തിലെ മദ്യത്തിന്റെ അളവ് മാത്രമാണ് ഈ അപകടത്തിന് കാരണമെന്ന് പൂർണ്ണമായി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

