ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ആശ്വാസമാകുന്നു. സംസ്ഥാനത്ത് ഭാഗിക വൈദ്യുതിനിയന്ത്രണത്തിന്റെ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും, പവർ എക്സ്ചേഞ്ചിൽ രാത്രിയിലെ പീക്ക് സമയത്തേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി).
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ രാത്രികാലങ്ങളിൽ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു.
മഴയെത്തുടർന്ന് ഉത്തരേന്ത്യയിലെ വൈദ്യുതി ആവശ്യകത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, മധ്യപ്രദേശിൽനിന്ന് രാത്രികാലങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതി കടമായി ലഭിക്കുന്നുണ്ട്. എന്നാൽ ഈ വൈദ്യുതി വരുന്ന ഡിസംബർ മാസത്തിൽ തിരികെ നൽകണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഡിസംബറിലേക്കായി കൂടുതൽ വൈദ്യുതി കരാറുകൾ ഒപ്പിടുന്നതിന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, അടുത്ത മാസം പകുതിയോടെ രണ്ട് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ യാഥാർത്ഥ്യമാകുന്നതും കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കാൻ സഹായകരമാകും.
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞദിവസം 5045 മെഗാവാട്ടിൽ എത്തിനിൽക്കുകയാണ്. ഇത് സെപ്റ്റംബർ മാസത്തെ എക്കാലത്തെയും ഉയർന്ന വൈദ്യുതി ആവശ്യകതയാണ്.
അന്നേദിവസം സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 9.539 കോടി യൂണിറ്റ് ആയി ഉയർന്നു. ഇതിൽ 2.682 കോടി യൂണിറ്റ് വൈദ്യുതി മാത്രമാണ് കേരളത്തിൽ ആകെ ഉൽപാദിപ്പിക്കാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

