ന്യൂഡൽഹിയിലെ ഡൽഹി സർവകലാശാല സൗത്ത് ക്യാംപസിനു സമീപം അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.
കൂടുതൽ വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോൺക്രീറ്റ് ബീമുകളും സ്ലാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണു ശ്രമം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വലിയ ദുരന്തമുണ്ടായത്.
സത്യനികേതനിലെ നാലാം നമ്പർ ഗലിക്കുള്ളിലായി ‘ഹോസ്റ്റൽ ഡേയ്സ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ആൺകുട്ടികളുടെ പേയിങ് ഗെസ്റ്റ് കെട്ടിടം വലിയ ശബ്ദത്തോടെ തകർന്നുവീഴുകയായിരുന്നു. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്.
15 മുറികളുള്ള കെട്ടിടത്തിൽ കുട്ടികളും ജീവനക്കാരുമടക്കം അൻപതോളം ആളുകളുണ്ടായിരുന്നതായി പരിസരവാസികൾ പറയുന്നു. എന്നാൽ വാരാന്ത്യ അവധിയായതിനാൽ പലരും വീടുകളിലേക്ക് മടങ്ങിയിരുന്നു.
അപകടത്തെ തുടർന്ന് ഈ കെട്ടിടം പൂർണ്ണമായി പൊളിച്ചുനീക്കാൻ ഡൽഹി മുൻസിപ്പൽ കോർപറേഷൻ കർശന ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടം അതീവ അപകടകരമായ നിലയിലാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇത് പൊളിച്ചുമാറ്റാൻ ഉടമയ്ക്കു മൂന്നുദിവസം സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ പൊളിച്ചില്ലെങ്കിൽ എംസിഡി നേരിട്ട് കെട്ടിടം പൊളിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇതിനുള്ള ചെലവ് ഉടമയിൽനിന്ന് ഈടാക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ ഉടമയായ ഗുരുഗ്രാം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.
70 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘങ്ങളും പൊലീസ് നായ്ക്കളും ചേർന്നാണു നിലവിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ലെഫ്.
ഗവർണർ തരൺജീത് സിങ് സന്ധു എന്നിവർ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

