പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കോടതി കഠിന തടവും പിഴയും വിധിച്ചു. അടിമലതുറ കോട്ടുകാൽ സ്വദേശിയായ അനു (20) എന്ന പ്രതിക്കാണ് കാട്ടാക്കട
അതിവേഗ പോക്സോ കോടതി എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കോടതി ജഡ്ജി വി.
വിനോദ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിധിയുടെ അടിസ്ഥാനത്തിൽ ഈ പിഴത്തുക പൂർണ്ണമായും അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, പിഴയൊടുക്കാൻ വീഴ്ച വരുത്തിയാൽ പ്രതി നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അതിജീവിത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പ്രതി നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. സംഭവ ദിവസം പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതി കുട്ടി പഠിക്കുന്ന സ്കൂളിന് മുന്നിൽ എത്തുകയും, പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ ബലമായി കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
വിവരം അറിഞ്ഞ പ്രതി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് രാത്രിയോടെ പൊലീസ് പ്രതിയുടെ വീട്ടിലെത്തി കുട്ടിയെ കണ്ടെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഡി.ആർ.
പ്രമോദ് കോടതിയിൽ ഹാജരായി. കേസിന്റെ വിസ്താര വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അന്നത്തെ കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടർ ജിജിൻ ജി. ചാക്കോയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

