തിരുവനന്തപുരം: വെള്ളറടയിലെ റിസോർട്ട് നടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി കോടതി റിമാൻഡ് ചെയ്തു. ഥാർ വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിളപ്പൂർശാല സ്വദേശി നവാസുദ്ദീൻ (46) ആണ് റിമാൻഡിലായത്.
കേസിലെ മറ്റ് നാല് പ്രതികളെ നേരത്തെ തന്നെ റിമാൻഡ് ചെയ്തിരുന്നു. വർഷങ്ങൾക്ക് മുൻപ് റിസോർട്ട് ഉടമ ശ്യാമും കർണാടക സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട
തർക്കമാണ് ആക്രമണത്തിന് കാരണം. വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച ശേഷം രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം ശ്യാമിനെ ഓഡി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് പോലീസിന്റെ ശക്തമായ ഇടപെടലുണ്ടായി. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച അക്രമി സംഘം പോലീസിന്റെ നീക്കം കണ്ട് വാഹനം തിരിച്ച് കേരളത്തിലേക്ക് ഓടിക്കുകയായിരുന്നു.
ചെമ്പൂരിൽ വെച്ച് ആര്യങ്കോട്, വെള്ളറട പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്. ഇതിൽ അഞ്ചാം പ്രതിയായ വിളപ്പിൽശാല സ്വദേശിക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പരിക്ക് ഭേദമായതിനെത്തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

