ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ തിരുവോണനാളിൽ യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. പുന്നമടയിലെ റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയാണ് ഈ അതിക്രമം അരങ്ങേറിയത്.
ജിംനേഷ്യത്തിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായാണ് നാലംഗ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. അതുൽ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ.
പ്രതികൾ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ഇടിവള ഉപയോഗിച്ച് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതുലിന് പുറമെ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരുമാണ് കേസിലെ പ്രതികൾ.
ആക്രമണത്തിൽ ഭയന്നോടി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പ്രതികൾ പിന്തുടർന്നു ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പരിക്കേറ്റ യുവാക്കൾ അന്ന് തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് ഔദ്യോഗികമായി കേസെടുത്തത്. മർദ്ദനത്തിന്റെ തീവ്രത ദൃശ്യങ്ങൾ കണ്ടപ്പോഴാണ് മനസ്സിലായതെന്നാണ് പൊലീസിന്റെ വിശദീകരണം.
ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതടക്കമുള്ള ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെങ്കിലും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

