ഉച്ചയോടെ തെക്കന്‍ ദില്ലിയിലെ സത്യനികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദില്ലി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് ഉച്ചക്ക് ഒന്നരയോടെ നിലംപൊത്തിയത്.
ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് ഏകദേശം നാൽപത് പേര് കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൂകമ്പ സമാനമായ വലിയ ശബ്ദത്തോടെയാണ് കെട്ടിടം തകര്‍ന്നു വീണതെന്ന് സമീപത്തെ കടകളിലുണ്ടായിരുന്ന ദൃക്സാക്ഷികൾ വ്യക്തമാക്കി. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ കനത്ത പരിശ്രമമാണ് നടക്കുന്നത്.
രക്ഷപ്പെടുത്തിയ പരിക്കേറ്റവരെ ഉടന്‍തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും, പിന്നീട് എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ സ്ഥലത്തെത്തി രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു.
കോണ്‍ക്രീറ്റ് പാളികള്‍ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കുന്നതിന് വലിയ തടസ്സങ്ങളും കാലതാമസവുമാണ് നേരിടുന്നത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും ആളുകളുടെ കരച്ചില് കേള്‍ക്കാമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
കെട്ടിടത്തിന്റെ കാലപ്പഴക്കവും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദുര്‍ബലമായ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ആകെ 75 പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നാണ് വിവരം. എങ്കിലും അവധി ദിനമായതിനാല്‍ പലരും വീടുകളിലേക്ക് പോയത് വലിയൊരു ദുരന്തം ഒഴിവാക്കി.
ഈ ഹോസ്റ്റലിന് സമീപമുള്ള മറ്റ് കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്നവരെ അടിയന്തരമായി ഒഴിപ്പിച്ചു. അപകടസ്ഥലം നേരിട്ടെത്തി സന്ദര്‍ശിച്ച ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ ചെന്ന് കാണുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഗോവയിലെ പരിപാടികള്‍ റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയില്‍ നിന്നും ലഫ്റ്റനന്റ് ഗവര്‍ണ്ണറില്‍ നിന്നും സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അലംഭാവമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
സര്‍ക്കാരിന്റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. സമീപകാലത്തായി ഇത്തരത്തില്‍ ദില്ലിയില്‍ തുടര്‍ച്ചയായി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. നിയമലംഘനം നടത്തി നിര്‍മ്മിച്ചതും കാലപ്പഴക്കം ചെന്നതുമായ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് വിമര്‍ശനമുയരുന്നുണ്ട്.
ദാരുണ സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്.
ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

