തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് ഈ ദ്രുതഗതിയിലുള്ള കൊലപാതകം അരങ്ങേറിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഇതൊരു പ്രതികാര കൊലപാതകമാണെന്നാണ് പ്രഥമിക വിവരം ലഭിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന കണ്ണൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
മുൻപ് അണ്ണാഡിഎംകെ പ്രവർത്തകനായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ടിവികെ പാർട്ടിയിൽ അംഗത്വമെടുത്തത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. റോഡരികിൽ നിന്നു ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന കണ്ണനെ ഒരു സംഘം ആളുകൾ വളയുന്നതും, തുടർന്ന് വാളുപയോഗിച്ച് വെട്ടിവീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിലത്തു വീണതിനു ശേഷവും അക്രമികൾ ഇയാളെ വെട്ടുന്നത് തുടരുന്നുണ്ട്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയാണ് ഈ ക്രൂര കൃത്യത്തിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. പൊലീസ് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും മുഖ്യമന്ത്രി വിജയ് നാളെ നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള കണ്ണൻ സ്വന്തം ജീവന് സംരക്ഷണം തേടിയാണ് ടിവികെയിൽ ചേർന്നതെന്നും, ഡിഎംകെയെ എങ്ങനെ കുറ്റപ്പെടുത്താമെന്ന് ചിന്തിക്കുന്നതിനു പകരം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

